ഐഎൻടിയുസി മഞ്ഞള്ളൂർ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തർക്കം
1591760
Monday, September 15, 2025 4:24 AM IST
വാഴക്കുളം: ഐഎൻടിയുസി മഞ്ഞള്ളൂർ മണ്ഡലം കമ്മറ്റിയ്ക്ക് രണ്ടു പ്രസിഡന്റുമാർ. പി.വി. തങ്കച്ചൻ, സാജു കണ്ണാറമ്പേൽ എന്നിവരാണ് പ്രസിഡന്റെന്ന അവകാശവാദം ഉയർത്തിയിട്ടുള്ളത്. തൊഴിലാളി വിരുദ്ധ നയങ്ങൾ പുലർത്തുന്ന തങ്കച്ചനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ടിമ്പർ യൂണിയൻ തൊഴിലാളികൾ ഏതാനും മാസങ്ങൾക്കു മുമ്പ് ആവശ്യപ്പെട്ടിരുന്നു.
ഇതോടെ തൊഴിലാളികളിൽ ഭൂരിഭാഗം പേരെ അറിയിക്കാതെ തങ്കച്ചന്റെ നേതൃത്വത്തിൽ പുതിയ മണ്ഡലം കമ്മറ്റി ഏകപക്ഷീയമായി രൂപീകരിക്കുകയായിരുന്നു. തൊഴിലെടുക്കുന്നവരെ ഒഴിവാക്കിയ പുതിയ മണ്ഡലം കമ്മിറ്റി ഇരു യൂണിയനുകളും അംഗീകരിച്ചില്ല.
പ്രശ്നം രൂക്ഷമായതോടെ ഐഎൻടിയുസി മുവാറ്റുപുഴ നേതൃത്വത്തിലും കോൺഗ്രസ് മഞ്ഞള്ളൂർ നേതൃത്വത്തിലും തൊഴിലാളികൾ അതൃപ്തി അറിയിച്ച് പ്രശ്ന പരിഹാരത്തിന് ഇടപെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഐഎൻടിയുസി മുവാറ്റുപുഴ ജില്ല വൈസ് പ്രസിഡന്റ് പി.എം. ഏലിയാസ്, സെക്രട്ടറി പങ്കജാക്ഷൻ നായർ എന്നിവർ മഞ്ഞള്ളൂരിലെ കോൺഗ്രസ് നേതൃത്വവുമായി ഇക്കാര്യം ചർച്ച ചെയ്തു.
തങ്കച്ചനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റണമെന്ന് തൊഴിലാളികൾ നിലപാട് സ്വീകരിച്ചെങ്കിലും മൂന്നു മാസം തങ്കച്ചൻ തുടരട്ടെയെന്നായിരുന്നു നേതൃയോഗത്തിന്റെ തീരുമാനം.
എന്നാൽ നാലു മാസം കഴിഞ്ഞിട്ടും നേതൃത്വം തീരുമാനമെടുക്കാതെ വന്നതോടെ തൊഴിലാളികൾ വീണ്ടും ഇതേ ആവശ്യം ഉന്നയിച്ചു.തുടർന്ന് കഴിഞ്ഞ മാസം ഒടുവിൽ കോൺഗ്രസ് മഞ്ഞള്ളൂർ നേതൃത്വവും തൊഴിലാളികളും ചേർന്ന് സാജു കണ്ണാറമ്പേലിനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു.