തുരുത്തി കോളനിക്കാരുടെ കാത്തിരിപ്പ് അവസാനിക്കുന്നു : റേ ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം 27ന്
1591739
Monday, September 15, 2025 4:00 AM IST
ഒരുങ്ങുന്നത് രാജ്യത്ത ഏറ്റവും വലിയ പുനരധിവാസ പദ്ധതികളിലൊന്ന്
കൊച്ചി: കേന്ദ്ര പദ്ധതിയായ രാജീവ് ആവാസ് യോജന(റേയിൽ തുരുത്തി കോളനിക്കാര്‍ക്കായി കൊച്ചി കോര്‍പറേഷനും കൊച്ചിന് സ്മാര്‍ട്ട് മിഷന് ലിമിറ്റഡും(സിഎസ്എംഎല്‍) സംയുക്തമായി നിര്‍മിച്ച രണ്ടു ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനം ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ 27ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. തീയതി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അന്തിമ തീരുമാനം വന്നിട്ടില്ലെങ്കിലും മറ്റ് തടസങ്ങളുണ്ടായില്ലേല് അന്നുതന്നെ ഉദ്ഘാടനം നടക്കുമെന്നാണ് വിവരം.
ഫെബ്രുവരിയോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് കണക്കാക്കിയ പദ്ധതിയാണ് ഏഴ് മാസത്തോളം നീണ്ടത്. കെട്ടിടത്തിലേക്കുള്ള വൈദ്യുതീകരണവും ലിഫിറ്റിന്റെ ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. സ്വീവേജ്, കുടിവെള്ള സംഭരണ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവ പൂര്‍ത്തിയാകാനുണ്ട്. രണ്ടു സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളില്‍ ഒരെണ്ണം പൂര്‍ത്തിയായിട്ടുണ്ട്. അതിനാല്‍ താമസത്തിന് തടസമുണ്ടാകില്ലെന്ന് മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു.
നഗരസഭയുടെ നേതൃത്വത്തില്‍ 12 നിലയുള്ള ഭവന സമുച്ചയവും, സിഎസ്എംഎല്ലിന്റെ നേതൃത്വത്തില്‍ 14 നിലകളുള്ള ഭവന സമുച്ചയങ്ങളുമാണ് നിര്‍മാണം പൂര്‍ത്തിയായിട്ടുള്ളത്. 14 നിലകളിലായി 195 കുടുംബങ്ങളേയും, 12 നിലകളിലുള്ള സമുച്ചയത്തില്‍ 199 കുടുംബങ്ങളേയുമാണ് പുനരധിവസിപ്പിക്കുന്നത്. കോര്പറേഷന് നിര്‍മിക്കുന്ന സമുച്ചയത്തിന് 300 ചതുരശ്ര അടിയും, സിഎസ്എംഎല്ലിന്റെ സമുച്ചയത്തിന് 328 ചതുരശ്ര അടിയുമാണ് വിസ്തീര്‍ണം. 44 കോടിയാണ് 14 നില കെട്ടിടത്തിന്റെ നിര്‍മാണ ചെലവ്. 12 നില കെട്ടിടത്തിന് 39.2 കോടിയും ചെലവായി.
കല്‍വത്തി ഡിവിഷനിലെ കോഞ്ചേരി, തുരുത്തി, കല്‍വത്തി കോളനി നിവാസികളായ 398 കുടുംബങ്ങളെയാണ് ഇവിടേക്ക് മാറ്റി പാര്‍പ്പിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞാലും പുനരധിവാസത്തിന് താമസം ഉണ്ടാകും. ഇതു സംബന്ധിച്ചുള്ള നടപടി ക്രമങ്ങളാണ് വൈകുന്നതിനു കാരണം. ഓരോ സമുച്ചയങ്ങളിലും കിടപ്പുമുറി, അടുക്കള, ലിവിംഗ് ഏരിയ, ശുചിമുറി എന്നിവയുണ്ട്. ഇത് കൂടാതെ പൊതുവായി അങ്കണവാടിയും ഗ്രൗണ്ട് ഫ്ളോറില്‍ കടമുറികളും പാര്‍ക്കിംഗിനുള്ള സൗകര്യവുമുണ്ട്. രണ്ട് കെട്ടിടങ്ങളിലായി ആകെ 32 കടമുറികളാണ് ഉള്ളത്.
ഇത് ഇവിടുത്തെ താമസക്കാർക്കോ, പുറത്തുള്ളവര്‍ക്കോ വാടകയ്ക്ക് നല്കി അതുവഴി ലഭിക്കുന്ന വരുമാനം മെയിന്റനന്‍സ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായി ചെലവഴിക്കാനാണ് ആലോചനയെന്ന് ഡിവിഷന് കൗണ്‍സിലര്‍കൂടിയായ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.കെ. അഷറഫ് പറഞ്ഞു.
2013ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് അനുമതി ലഭിച്ച പദ്ധതി തീരദേശ പരിപാലന വകുപ്പിന്റെ അനുമതി കിട്ടാതെ വന്നതോടെ വൈകിയാണ് ആരംഭിച്ചത്. പിന്നീട് ഓരോ ഘട്ടത്തിലും നിര്‍മാണം തടസപ്പെട്ടു. നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞ മാര്‍ച്ച് വരെ സമയം നീട്ടണമെന്ന് കരാറുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഫെബ്രുവരിക്കുള്ളില്‍ പൂര്‍ത്തീകരിക്കണമെന്ന നിര്‍ദേശമാണ് കോര്പറേഷന് നല്‍കിയത്. അതും കഴിഞ്ഞ് ഏഴ് മാസത്തിനു ശേഷമാണ് രാജ്യത്ത ഏറ്റവും വലിയ പുനരധിവാസ പദ്ധതികളിലൊന്നായി റേ പദ്ധതി ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുന്നത്.