ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് : വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമാക്കി: മന്ത്രി രാജീവ്
1591744
Monday, September 15, 2025 4:00 AM IST
കൊച്ചി: ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് വ്യവസായരംഗത്ത് വന്‍ മുന്നേറ്റം സാധ്യമാക്കിയെന്ന് മന്ത്രി പി. രാജീവ്. അങ്കമാലിയിലെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പറേഷന് ബിസിനസ് പാര്‍ക്കില്‍ ആര്‍സിസി ന്യൂട്രാഫില്‍ പ്രൈവറ്റ് ലിമിറ്റഡ് യൂണിറ്റിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ പ്രഖ്യാപിച്ച സുപ്രധാന നിക്ഷേപങ്ങളില്‍ ഒന്നായിരുന്നു ആര്‍സിസി ന്യൂട്രാഫില്‍ യൂണിറ്റ്. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ ഒപ്പുവച്ചവയില്‍ ഇതുവരെ 35,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കി. ആദ്യഘട്ട നിക്ഷേപങ്ങള്‍ വിജയകരമായി നടപ്പിലായാല്‍ കൂടുതല്‍ പദ്ധതികള്‍ക്കും വന്‍തോതില്‍ നിക്ഷേപങ്ങള്‍ക്കും വാതില്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു.
റോജി എം. ജോണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക, ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സായി പ്രസാദ് ദേവരാജലുലു, ഇന്നൊവേറ്റീവ് ഇന്‍ഫ്രാ ആന്‍ഡ് മൈനിംഗ് സൊല്യൂഷന്‍സ് ഹ്യൂമന്‍ റിസോഴ്സസ് മേധാവി വിനോദ് കൃഷ്ണ, അങ്കമാലി നഗരസഭാ ചെയര്മാന് ഷിയോ പോള്‍, വാര്‍ഡ് കൗണ്‍സിലര്‍ അജിത തുടങ്ങിയവര്‍ പങ്കെടുത്തു.