വാടകയ്ക്ക് എടുത്ത കാർ പണയത്തിനു നൽകിയശേഷം മോഷ്ടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
1454006
Wednesday, September 18, 2024 3:17 AM IST
വൈപ്പിൻ: വാടകയ്ക്ക് എടുത്ത കാർ, നമ്പർ പ്ലേറ്റ് മാറ്റി മറ്റൊരാൾക്ക് പണയത്തിന് നൽകിയശേഷം തന്ത്രപൂർവം മോഷ്ടിച്ചു കൊണ്ടുപോകാൻ ശ്രമിച്ച യുവാവിനെ ഞാറക്കൽ പോലീസ് അറസ്റ്റു ചെയ്തു. മലപ്പുറം എടവന്നപ്പാറ വെട്ടത്തൂർ എറക്കോട്ടിൽ വീട്ടിൽ ജിംഷാദ് (21) ആണ് അറസ്റ്റിലായത്.
പുതുവൈപ്പ് സ്വദേശി സുനിൽ സോഷ്യൽ മീഡിയ ആപ് വഴി 1,50,000 രൂപ നൽകിയാണ് പ്രതിയിൽ നിന്ന് കാർ പണയത്തിന് എടുത്തത്. കഴിഞ്ഞ 13ന് കരാറെഴുതി വാഹനം സുനിലിന്റെ വീട്ടിൽ എത്തിച്ചു.
പിന്നീട് സുനിൽ വാഹനം സ്റ്റാര്‍ട്ടാക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കീ ഹോളിൽ പേപ്പറും മറ്റും തിരുകിവച്ചിരിക്കുന്നതു കണ്ട് സംശയം തോന്നിയ സുനിൽ, കാറിന്റെ പിൻചക്രത്തിന്റെ നട്ടുകൾ ഊരിവച്ചു.
ഇതിനുശേഷം പ്രതി എത്തി കൈയിലിരുന്ന മറ്റൊരു താക്കോൽ ഉപയോഗിച്ച് കാർ സ്റ്റാർട്ട് ചെയ്ത് കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാൽ നട്ട് ഊരി മാറ്റി വച്ചിരുന്നതിനാൽ ടയർ ഊരി പ്പോയി. തുടർന്ന് സുനിൽ നൽകിയ പരാതിയിൽ കാർ മോഷ്ടിക്കാൻ ശ്രമിച്ച ജിംഷാദിനെ അറസ്റ്റ്ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അന്വേഷണ സംഘത്തിൽ ഞാറക്കൽ സിഐ സുനിൽ തോമസ്, എസ്ഐ ഷാഹിർ, എ എസ്ഐ ആന്റണി ജയ്സൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രീജൻ, രൂപേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.