ജപ്തി നടപടിക്കെതിരേ പ്രതിഷേധമുയരുന്നു
1541873
Friday, April 11, 2025 11:43 PM IST
അടിമാലി: വ്യാപാരിയെ വെട്ടിലാക്കി കേരളബാങ്കിന്റെ ജപ്തി നടപടി. അടിമാലി ടൗണിൽ സർക്കാർ ഹൈസ്കൂൾ പരിസരത്ത് അക്ബർ ബനാന മർച്ചന്റ് എന്ന മൊത്തവ്യാപാര സ്ഥാപനത്തിലാണ് കേരള ബാങ്ക് ജപ്തി നടപടികളുമായി എത്തിയത്.
സംഭവം പ്രതിഷേധത്തിനും നാടകീയ രംഗങ്ങൾക്കും വഴിതെളിച്ചു. മാർക്കറ്റിംഗ് സൊസൈറ്റിയിൽനിന്ന് സ്ഥലം വാടകയ്ക്കെടുത്ത് കെട്ടിടം നിർമിച്ചായിരുന്നു അക്ബർ വ്യാപാരം നടത്തിവന്നിരുന്നത്. അക്ബറിന് ബാങ്കുമായി ഇടപാടില്ലെങ്കിലും മാർക്കറ്റിംഗ് സൊസൈറ്റിക്കുള്ള കുടിശിക ഈടാക്കുന്നതിനാണ് ബാങ്ക് ജപ്തി നടപടികളുമായി എത്തിയതെന്നാണ് വിവരം.
ജപ്തിയുമായി ബന്ധപ്പെട്ട് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും കടയ്ക്കുള്ളിലെ സ്റ്റോക്ക് പോലും നീക്കാൻ അവസരം നൽകാതെയാണ് ബാങ്കധികൃതർ സ്ഥാപനം പൂട്ടിയതെന്നും കടയുടമ ആരോപിച്ചു.
ജപ്തിക്കായി ബാങ്കധികൃതർ എത്തിയതോടെ പ്രതിഷേധവുമായി വ്യാപാരി സംഘടനാഭാരവാഹികളും സ്ഥാപനത്തിലെത്തി.
ഇതിനിടെ സ്ഥാപന ഉടമ അക്ബർ കുഴഞ്ഞു വീണു. പോലീസ് ഇദ്ദേഹത്തെ ആശുപത്രിയിലേക്കുമാറ്റി.
ജപ്തി ചെയ്ത കടയ്ക്കുള്ളിൽ വിഷു വിപണി ലക്ഷ്യമിട്ട് സൂക്ഷിച്ചിട്ടുള്ള വാഴക്കുലകൾ അഴുകി നശിച്ചാൽ തനിക്ക് വൻ നഷ്ടം ഉണ്ടാകുമെന്ന് അക്ബർ പറഞ്ഞു.
ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പഴക്കുലകൾ പോലും നീക്കാൻ സാവകാശം നൽകാതെയുള്ള ബാങ്കിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരി സംഘടനയുടെ നിലപാട്.