മൂല്യനിർണയ ക്യാന്പിൽ പ്രതിഷേധ സംഗമം
1541259
Thursday, April 10, 2025 12:00 AM IST
നെടുങ്കണ്ടം: ഹയർ സെക്കൻഡറി വിദ്യാഭ്യാസ മേഖലയെ ഇല്ലാതാക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ മൂല്യനിർണയ ക്യാന്പിൽ പ്രതിഷേധ സംഗമം നടത്തി.
ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക, സ്കൂൾ എകീകരണ നടപടികൾ അവസാനിപ്പിക്കുക, തസ്തികകൾ ഇല്ലാതാക്കി അധ്യാപകരെ സ്ഥലംമാറ്റുന്ന നടപടി അവസാനിപ്പിക്കുക, പ്ലസ്വണ് പ്രവേശനത്തിലെ അനാവശ്യമായ സീറ്റ് വർധന ഒഴിവാക്കുക, ഒരു ബാച്ചിൽ പരമാവധി 50 കുട്ടികളെന്ന നിലവിലുള്ള നിയമം പാലിച്ച് പ്രവേശനം നടത്തുക, ഡിഎ, പേ റിവിഷൻ കുടിശികകൾ അനുവദിക്കുക, ശന്പള കമ്മീഷനെ നിയമിക്കുക, കോണ്ട്രിബ്യൂട്ടറി പെൻഷൻ സന്പ്രദായം പിൻവലിക്കുക, എയ്ഡഡ് സ്കൂൾ അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, മൂല്യനിർണയവേതനം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സംഗമം നടത്തിയത്.
എച്ച്എസ്എസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എസ്. ശേഖർ സംഗമം ഉദ്ഘാടനം ചെയ്തു.
നോബിൾ മാത്യു, രാജൻ തോമസ്, മാർട്ടിൻ ജോസഫ്, അജോ പി. ജോസ്, സെസിൽ ജോസ്, എം. രാജൻ, കെ.ടി. അജേഷ് എന്നിവർ പ്രസംഗിച്ചു.