കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തിനെതിരേ പ്രതിഷേധം
1541870
Friday, April 11, 2025 11:43 PM IST
കട്ടപ്പന: ഉപ്പുതറയിൽ ജീവനൊടുക്കിയ നാലംഗ കുടുംബത്തിലെ യുവാവിനെയും ഇദ്ദേഹത്തിന്റെ പിതാവിനെയും ഭീഷണിപ്പെടുത്തിയതായി ആരോപണമുയർന്ന കട്ടപ്പനയിലെ സ്വകാര്യ ധനകാര്യ സ്ഥാപനം ജില്ലാ ഓട്ടോ ടാക്സി വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഉപരോധിച്ചു. സ്ഥാപനത്തിൽനിന്ന് ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയതിനെത്തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പിലുള്ളതായി ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. പലതവണ തന്നെയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി സജീവിന്റെ പിതാവ് മോഹനനും ആരോപിച്ചിരുന്നു.
ജില്ലാ സെക്രട്ടറി എം.സി. ബിജു സമരം ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി. എം. സുരേഷ്, പ്രസിഡന്റ് ഫൈസൽ ജാഫർ, ഏരിയാ കമ്മിറ്റിയംഗങ്ങളായ മുരളി, പി. എം. മാത്യു, ഇ. സി. അജോ എന്നിവർ നേതൃത്വം നൽകി.