കറുത്ത പൊന്നിന് വില ഉയരുന്നു ; പ്രതീക്ഷയോടെ കർഷകർ
1541258
Thursday, April 10, 2025 12:00 AM IST
തൊടുപുഴ: വിലയിടിവു മൂലം വലഞ്ഞ കർഷകർക്ക് പ്രതീക്ഷ പകർന്ന് കുരുമുളക് വില ഉയരുന്നു. കഴിഞ്ഞ വർഷം ഇതേ സീസണിൽ കുരുമുളക് വിലയിലുണ്ടായ തകർച്ച കർഷകരെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാൽ ഒരു പതിറ്റാണ്ടിനു ശേഷം വില 710 കടന്നതാണ് കർഷകർക്ക് വീണ്ടും പ്രതീക്ഷയാകുന്നത്. ഗാർബിൾഡ് കുരുമുളകിനു 750 രൂപയും അണ്ഗാർബിൾഡിന് 715 രൂപയുമാണ് ഹൈറേഞ്ചിലെ പ്രധാന മാർക്കറ്റുകളിലെ വില. ഏതാനും ദിവസങ്ങൾക്ക് മുന്പ് അണ്ഗാർബിൾഡിന് 730 വരെ എത്തിയിരുന്നെങ്കിലും 15 രൂപ കുറഞ്ഞു. എങ്കിലും കിലോക്ക് രണ്ടാഴ്ചയ്ക്കിടെ വിലയിൽ 60 രൂപയുടെ വർധനയുണ്ടായി.
2014-15 ൽ ആണ് കുരുമുളകിന് ഇത്രയും മെച്ചപ്പെട്ട വില കർഷകർക്ക് ലഭിച്ചത.് കിലോയ്ക്ക് 750 രൂപ വരെയായി അന്ന് വില ഉയർന്നതോടെ 1000 കടക്കുമെന്ന പ്രതീക്ഷയുമുണ്ടായി. ഇതോടെ പലരും കുരുമുളക് വില്പന നടത്താതെ സംഭരിക്കുകയും ചെയ്തു. എന്നാൽ വില പിന്നീട് പടിപടിയായി താഴ്ന്നതല്ലാതെ വിപണിയിൽ കറുത്ത പൊന്നിന് മുന്നേറ്റമുണ്ടാക്കാനായില്ല. 2017-ൽ വില കിലോക്ക് 430 രൂപ വരെയായി താഴ്ന്നു. പിന്നീട് കിലോക്ക് 360 രൂപ വരെയായി കുരുമുളക് വില ഇടിഞ്ഞു. ഇത്തരത്തിൽ വില താഴ്ന്ന് ഉത്പാദനച്ചെലവു പോലും ലഭിക്കില്ലെന്ന അവസ്ഥ വന്നതോടെ കർഷകർ കൃഷി തന്നെ ഉപേക്ഷിക്കുന്ന സ്ഥിതി ആയിരുന്നു.
ആഭ്യന്തരവിപണിയിൽ ആവശ്യക്കാർ വർധിച്ചതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണമെന്നാണ് സൂചന. വിവിധ ഭക്ഷ്യോത്പാദന, മസാല കന്പനികൾ വൻതോതിൽ കുരുമുളക് ശേഖരിക്കാൻ തുടങ്ങിയതും വില വർധനയ്ക്കിടയാക്കി. വിപണിയിലേക്ക് കുരുമുളകിന്റെ വരവ് കുറഞ്ഞാൽ അടുത്ത മാസത്തോടെ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നാണ് കരുതുന്നത്.
കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ഈ വർഷവും ഉത്പാദനത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. വില ഉയർന്നുനിൽക്കുന്നതിനാൽ കർഷകർ ഉത്്പന്നം സംഭരിക്കാതെ വിറ്റഴിക്കുകയാണ്. കുരുമുളകിനെ സംബന്ധിച്ച് വിലയിൽ ഏതു സമയവും ചാഞ്ചാട്ടമുണ്ടാകുമെന്നതിനാലാണ് കർഷകർ ഉത്പന്നം സംഭരിക്കാൻ ധൈര്യപ്പെടാത്തത്.
സാന്പത്തിക വർഷം അവസാനിക്കാറായതോടെ പലർക്കും ബാങ്ക് വായ്പയടക്കം തിരിച്ചടയ്ക്കാനുള്ള സമയമായതിനാൽ വിളവെടുക്കുന്ന ഉത്പന്നം പെട്ടെന്നു തന്നെ വിപണിയിലെത്തുന്നുമുണ്ട്. ഡിമാൻഡ് വർധിച്ചതും ആഭ്യന്തര വിപണികളിലെ ലഭ്യതക്കുറവും മൂലം കിലോക്ക് 10 രൂപ വരെ കൂടുതൽ നൽകി കുരുമുളക് വാങ്ങാനും മൊത്ത വ്യാപാരികൾ തയാറാണ്.
വിപണിയിൽ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടം വൻകിട വ്യാപാരികൾക്ക് മുൻകൂട്ടി അറിയാമെന്നതിനാൽ ഇവർ ഇതു കണക്കാക്കിയാണ് പലപ്പോഴും കുരുമുളക് ചെറുകിട കച്ചവടക്കാരിൽനിന്നു സംഭരിക്കുന്നത്.