ബഫർസോണ്‍: ആശങ്ക പടർത്തിയത് മന്ത്രി-എംപി
1542283
Sunday, April 13, 2025 5:26 AM IST
തൊടുപുഴ: ഡാമുകൾക്ക് ചുറ്റും ബഫർ സോണ്‍ ഉത്തരവിറക്കി ജനങ്ങൾക്ക് ആശങ്കയുണ്ടാക്കിയത് മന്ത്രി റോഷി അഗസ്റ്റിനാണെന്ന് ഡീൻ കുര്യാക്കോസ് എംപി. ഈ ഉത്തരവ് കൂടാതെയാണ് ഡാമുകൾക്കും ജലവിഭവ വകുപ്പിന്റെ ചെറിയ കുളങ്ങൾക്കും ടാങ്കുകൾക്കും ചുറ്റും ഒരു കിലോമീറ്റർ മുതൽ 30 മീറ്റർ വരെ ബഫർ സോണ്‍ പ്രഖ്യാപിച്ച് ക്വാറിയിംഗും മൈനിംഗും നിരോധിച്ച് ഉത്തരവിറക്കിയത്. ഈ ഉത്തരവ് ഇതുവരെ പിൻവലിച്ചിട്ടില്ല.
ജലവിഭവ വകുപ്പിന്റെ നിരവധി കുളങ്ങളും, ടാങ്കുകളും, ചെക്ക് ഡാമുകളും കൃഷി ഭൂമിയിലുണ്ട്. കൃഷി ഭൂമികൂടി ബഫർ സോണിന്റെ പരിധിയിലാക്കുന്ന ഈ ഉത്തരവ് അടിയന്തരമായി പിൻവലിക്കണം.
ഡാമുകൾക്ക് സമീപം നിർമാണ പ്രവർത്തനങ്ങൾക്ക് നൽകുന്നതിനെക്കുറിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ 2023 ൽ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 2024 ഡിസംബർ 26 ന് ഡാമിന് ചുറ്റും രണ്ട് കാറ്റഗറികളായി തിരിച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ജലവിഭവ വകുപ്പ് ഉത്തരവ് ഇറക്കിയത്.
ഈ ഉത്തരവാണ് വൈദ്യുതി ബോർഡിന്റെ ഡാമുകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് വൈദ്യുതി മന്ത്രി അൻവർ സാദത്തിന്റെ നിയമസഭയിലെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകിയതും വിവാദമായപ്പോൾ നടപ്പാക്കില്ലന്ന് പത്രകുറിപ്പ് ഇറക്കിയതും.
ജലവിഭവ വകുപ്പിന്റെ ബഫർ സോണ്‍ ഉത്തരവ് പിൻവലിച്ചതുകൊണ്ടോ വൈദ്യുതി ബോർഡ് പത്രക്കുറിപ്പ് ഇറക്കിയത് കൊണ്ടോ പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് എംപി പറഞ്ഞു. കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായാൽ മാത്രമേ ബഫർ സോണിൽ നിന്ന് രക്ഷപെടാൻ കഴിയു.
ഈ പ്രശ്നം പൂർണമായും പരിഹരിക്കാൻ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് തള്ളിക്കളഞ്ഞ് ജണ്ടയ്ക്ക് പുറത്തുള്ള ഭൂമിയിൽ നിർമാണത്തിന് നിയന്ത്രണമില്ലെന്ന് സർക്കാർ കോടതിയെ ധരിപ്പിക്കണം. ഡിസംബർ 26 ലെ ബഫർ സോണ്‍ ഉത്തരവ് പിൻവലിച്ചതിലെ അവ്യക്തതയും പരിഹരിക്കണമെന്നും അല്ലെങ്കിൽ ഹൈക്കോടതിയിൽ തിരിച്ചടി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.