ശാന്തിയുടെ നീർച്ചാൽ തേടി ഹൈറേഞ്ചിന്റെ കുരിശുമലയിലേക്ക് തീർഥാടകർ
1541262
Thursday, April 10, 2025 12:00 AM IST
ഇടുക്കി: പശ്ചിമഘട്ടത്തിലെ സഹ്യസാനുക്കളെ തൊട്ടുരുമ്മി നിൽക്കുന്ന പ്രകൃതിരമണീയമായ കൂന്പൻമലയാണ് പ്രസിദ്ധമായ എഴുകുംവയൽ കുരിശുമല. സമുദ്രനിരപ്പിൽനിന്നു 3000ത്തിലധികം അടി ഉയരത്തിലാണ് ഈ കുരിശുമല സ്ഥിതിചെയ്യുന്നത്.
1959 മുതൽ വിശ്വാസികൾ ഇവിടേക്ക് പരിഹാര പ്രദക്ഷിണം നടത്തിവന്നിരുന്നതായാണ് പഴമക്കാർ പറയുന്നത്. 2006 സെപ്റ്റംബർ 14നു വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിനോടനുബന്ധിച്ചാണ് കുരിശുമല തീർഥാടന ദേവാലയത്തിന് തറക്കല്ലിട്ടത്.
കുരിശുമല ദൈവാലയത്തിനു മുകളിലെ 55 അടി ഉയരമുള്ള ക്രൂശിത രൂപം മല കയറിയെത്തുന്ന വിശ്വാസികൾക്ക് പ്രത്യാശയുടെ ആത്മീയപ്രഭ വിതറുന്നു.
മലമുകളിലെ അത്ഭുത ക്രൂശിതരൂപമാണ് ഏവരേയും ആകർഷിക്കുന്നത്. ഈ കുരിശിലേക്ക് തങ്ങളുടെ ജീവിതത്തിലെ നൊന്പരങ്ങളും ഭാരങ്ങളും സമർപ്പിച്ച് മലയിറങ്ങുന്പോൾ വിശ്വാസികളുടെ ഹൃദയത്തിൽ നിറയുന്നത് പ്രശാന്തതയുടെ അനുഭവമാണ്.
നിർമാണവേളയിൽ കുരിശിനടിയിൽ വിവിധ ഭൂഖണ്ഡങ്ങളിലെ നാണയങ്ങളും കല്ലുകളും നിക്ഷേപിച്ചിട്ടുണ്ട്. യേശുനാഥൻ ഈ ലോകത്തിൽ ജീവിച്ചിരുന്ന 33 വർഷങ്ങൾ സൂചിപ്പിക്കുന്ന 33 പടികൾ കയറിയാണ് ക്രൂശിതരൂപത്തിനു ചുവട്ടിൽ എത്തുന്നത്.
സംശയാലുവായ തോമസ് എന്ന വിശ്വപ്രസിദ്ധ ചിത്രത്തിന്റെ ജീവസുറ്റ ആവിഷ്കരണം മലമുകളിലെ ദേവാലയത്തിലെ അൾത്താരയിൽ ദർശിക്കാനാകും.
കുരിശുമലയുടെ പതിമൂന്നാം സ്ഥലത്ത് നിർമിച്ചിട്ടുള്ള പരിശുദ്ധ ദൈവമാതാവിന്റെ വ്യാകുലത്തെ സൂചിപ്പിക്കുന്ന മിസേറിയ തിരുസ്വരൂപം ഏറെ ശ്രദ്ധേയമാണ്. ഈശോയുടെ തിരുക്കല്ലറയെ അനുസ്മരിപ്പിക്കുംവിധം പണിതീർത്ത ഹോളി സെപ്പുൾക്കർ തീർഥാടകർക്ക് പ്രതീക്ഷയുടെ അനുഭവം പകർന്നു നൽകുന്നു.
കിഴക്കന്റെ കാൽവരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന എഴുകുംവയൽ കുരിശുമലയിൽ ഈശോയുടെ പീഡാനുഭവ രഹസ്യങ്ങളെ ധ്യാനിച്ച് ത്യാഗപൂർവം മല ചവിട്ടിയെത്തുന്ന വിശ്വാസികൾക്ക് ക്രൂശിതന്റെ അനുഗ്രഹവും തിരുരക്തത്തിന്റെ സംരക്ഷണവും മാർത്തോമാശ്ലീഹായുടെ മാധ്യസ്ഥ്യവും ലഭിക്കുമെന്ന ഉറപ്പാണ് ഇവിടെയെത്തുന്നവർക്കുള്ളത്.
30 കിലോമീറ്റർ നടക്കാൻ ബിഷപ്പും
ഇത്തവണത്തെ എഴുകുംവയൽ കുരിശുമല തീർഥാടനത്തിൽ ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ് നെല്ലിക്കുന്നേൽ 30 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാണ് മലമുകളിലെത്തുക. മുൻവർഷങ്ങളിൽ പാണ്ടിപ്പാറയിൽനിന്നുമായിരുന്നു തീർഥാടനം ആരംഭിച്ചിരുന്നത്.
ഇത്തവണ വാഴത്തോപ്പ് കത്തീഡ്രൽ പള്ളിയിൽനിന്നുമാണ് തീർഥാടനത്തിന് തുടക്കം കുറിക്കുന്നത്. ഇന്ന് വൈകുന്നേരം ആരംഭിക്കുന്ന തീർഥാടനം രാത്രി 11.30നു പാണ്ടിപ്പാറയിൽ അവസാനിക്കും. നാളെ പുലർച്ചെ 3.30 ന് തീർഥാടനം പുനരാരംഭിക്കും. ബിഷപ്പിനൊപ്പം നൂറുകണക്കിനു വിശ്വാസികൾ തീർഥാടനത്തിൽ പങ്കാളികളാകും.
അര ലക്ഷം പേർ മലകയറും
ഹൈറേഞ്ചിന്റെ വിവിധ കേന്ദ്രങ്ങളിൽനിന്നുമായി എത്തിച്ചേരുന്ന തീർഥാടകർ നാളെ രാവിലെ 8.30നു മലയടിവാരത്ത് സംഗമിച്ച ശേഷമാണ് മലകയറുന്നത്.
വെള്ളിയാഴ്ച രൂപതയുടെ തീർഥാടന ദിനമായതിനാൽ പകലും രാത്രി മുഴുവനും വിശ്വാസികൾക്ക് മലകയറാനുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
അരലക്ഷത്തോളം തീർഥാടകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തുന്പച്ചി കുരിശുമലയിൽ
നാല്പതാം വെള്ളിയാചരണം
അറക്കുളം: തീർഥാടനകേന്ദ്രമായ തുന്പച്ചി കുരിശുമലയിൽ നാല്പതാംവെള്ളിയാചരണം നാളെ നടക്കും. രാവിലെ ഒന്പതിന് ഗത്സമനിയിൽനിന്നു മലമുകളിലേക്ക് കുരിശിന്റെ വഴി. 10നു വിശുദ്ധകുർബാന-ഫാ. ജേക്കബ് കടുതോടിൽ, സന്ദേശം-ഫാ. ജോസഫ് കുറ്റിയാങ്കൽ, തുടർന്ന് ഉൗട്ടുനേർച്ച, 12നു വിശുദ്ധകുർബാന.
ഓശാനഞായറാഴ്ച രാവിലെ ഏഴിന് ഇടവകദേവാലയത്തിൽ കുരുത്തോല വെഞ്ചരിപ്പ്. 11നു കുരിശുമലയിൽ വിശുദ്ധ കുർബാന, ദു:ഖവെള്ളിയാഴ്ച രാവിലെ ആറിന് അറക്കുളം സെന്റ് മേരീസ് പള്ളിയിൽ തിരുക്കർമങ്ങൾ, തുടർന്ന് എട്ടിന് അശോകകവലയിൽനിന്നു തുന്പച്ചിയിലേക്ക് കുരിശിന്റെ വഴി, 11നു സമാപന പ്രാർഥന, റവ. ഡോ.വിത്സണ് ജോസഫ് കദളിക്കാട്ടിൽ പുത്തൻപുര പീഡാനുഭവ സന്ദേശം നൽകും. തുടർന്നു നേർച്ചക്കഞ്ഞി വിതരണം.
27നു പുതുഞായറാഴ്ച രാവിലെ പത്തിന് മലമുകളിലേക്ക് കുരിശിന്റെ വഴി. 10.30നു വിശുദ്ധകുർബാന, പാച്ചോർനേർച്ച എന്നിവയാണ് പരിപാടികളെന്ന് അറക്കുളം സെന്റ് മേരീസ് പുത്തൻപള്ളി വികാരി ഫാ. മൈക്കിൾ കിഴക്കേപ്പറന്പിൽ, അസി. വികാരി ഫാ. ജോർജ് ഞാറ്റുതൊട്ടിയിൽ എന്നിവർ അറിയിച്ചു.