വാഹനാപകടത്തിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന ഗൃഹനാഥൻ മരിച്ചു
1542273
Sunday, April 13, 2025 5:26 AM IST
കട്ടപ്പന: വാഹനാപകടത്തിൽ പരിക്കേറ്റ് നാലുവർഷമായി അബോധാവസ്ഥയിൽ കിടപ്പിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കടശിക്കടവ് പൊളിച്ചുമൂട്ടിൽ പി.ജെ. രാജനാണ് (60) മരിച്ചത്. 2021 ജനുവരി 27നാണ് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് രാജൻ അബോധാവസ്ഥയിലായത്. പുറ്റടി ഭാഗത്തുനിന്നും അണക്കര ഭാഗത്തേക്ക് സ്കൂട്ടറിൽ വരികയായിരുന്ന രാജനെ അജ്ഞാത വാഹനമിടിക്കുകയായിരുന്നു.
എന്നാൽ വണ്ടേന്മേട് പോലീസ് സ്കൂട്ടർ യാത്രക്കാരനായ രാജൻ തനിയെ വീണതാണെന്നാണ് കണ്ടെത്തിയത്. എന്നാൽ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന്കാണിച്ച് രാജന്റെ ഭാര്യ ഇടുക്കി ജില്ലാ പോലീസ് മേധാവിക്കും കട്ടപ്പന ഡിവൈഎസ്പിക്കും പരാതി നൽകി. തുടർന്ന് കട്ടപ്പന ഡിവൈഎസ്പിവി.എ. നിഷാദ്മോന്റെ സ്പെഷൽ ടീം കേസ് അന്വേഷിക്കുകയും പ്രതിയെ കണ്ടെത്തുകയുമായിരുന്നു. കന്പം പുതുപ്പെട്ടി സ്വദേശി ധനശേഖരനെയും പ്രതി ഓടിച്ച വാഹനവും കസ്റ്റഡിയിലെടുക്കുകായിരുന്നു.
രാജന്റെ സംസ്കാരം നാളെ രാവിലെ 10ന് കൊച്ചറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. ഭാര്യ നൈസി തെന്നച്ചേരിയിൽ കുടുംബാംഗം. മക്കൾ: നൈജു, സൂസൻ.