കാറും ബൈക്കും കത്തിനശിച്ചു
1541556
Friday, April 11, 2025 12:01 AM IST
തൊടുപുഴ: തീ പിടിത്തത്തിൽ വീടിനോടു ചേർന്ന് പാർക്കു ചെയ്തിരുന്ന വാഹനങ്ങളും വിറകുപുരയും കത്തി നശിച്ചു.
തൊടുപുഴ കുണിഞ്ഞിയിൽ ഇന്നലെ പുലർച്ചെ 2.45 നായിരുന്നു സംഭവം. കുണിഞ്ഞി പഴയന്പാറ ടോമി മാത്യുവിന്റെ വീടിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന വിറകുപുരയ്ക്ക് സമീപം ഷെഡിൽ പാർക്ക് ചെയ്തിരുന്ന കാറും ബൈക്കുമാണ് കത്തി നശിച്ചത്. കാറിനാണ് ആദ്യം തീ പിടിച്ചത്. ഇത് പിന്നീട് വിറകുപുരയിലേക്കും അവിടെ സൂക്ഷിച്ചിരുന്ന ഒട്ടുപാലിലേക്കും പടരുകയായിരുന്നു.
പിന്നീട് സമീപത്തുണ്ടായിരുന്ന ബൈക്കിനും തീ പിടിച്ചു. പുലർച്ചെ ആയതിനാൽ സംഭവം ആദ്യം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടില്ല.
വിവരം അറിഞ്ഞപ്പോഴേക്കും തീ വലിയ തോതിൽ പടർന്നിരുന്നു. വീട്ടുകാർ സംഭവം ഫയർഫോഴ്സിൽ അറിയിച്ചതിനെത്തുടർന്ന് തൊടുപുഴയിൽനിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു പി.തോമസിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സേനാംഗങ്ങൾ സ്ഥലത്തെത്തി.
തീപിടിത്തം ഉണ്ടായ സ്ഥലത്തേക്ക് ഫയർഫോഴസ് വാഹനം എത്തിച്ചേരാവുന്ന വിധത്തിൽ റോഡ് ഉണ്ടായിരുന്നില്ല. എങ്കിലും സേനാംഗങ്ങളുടെ ശ്രമഫലമായി കത്തിക്കൊണ്ടിരുന്ന കാറിലെയും ബൈക്കിലേയും തീയണച്ചു.
വിറകുകളിലേക്കും ഒട്ടുപാലിലേക്കും പടർന്ന തീയും നിശേഷം അണച്ചു. വിറകുപുരയുടെ മേൽക്കൂര ഉൾപ്പെടെ കത്തിനശിച്ചു.
വാഹനത്തിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
കാറ്, ബൈക്ക്, വിറകുപുര, ഒട്ടുപാൽ എന്നിവ കത്തിനശിച്ചത് മൂലം 3.70 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സീനിയർ ഫയർ ഓഫീസർ കെ.എ. ഉബാസ്, ഫയർ ഓഫീസർമാരായ ഷിബിൻ ഗോപി, ജയിംസ് നോബിൾ, വി.ബി. സന്ദീപ് , എഫ്.എസ്. ഫ്രിജിൻ, ലിബിൻ ജയിംസ്, ഹോം ഗാർഡുമാരായ മാത്യു ജോസഫ്, എം.പി. ബെന്നി, കെ.എസ്. അബ്ദുൾ നാസർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.