വന്യജീവി ആക്രമണം: കർമപദ്ധതിയുമായി വനംവകുപ്പ്
1541560
Friday, April 11, 2025 12:01 AM IST
അടിമാലി: വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനു ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ അതിർത്തി മേഖലകളിൽ വിവിധ കർമപദ്ധതികൾ നടപ്പാക്കാനൊരുങ്ങി വനംവകുപ്പ്. ഓരോ പ്രദേശത്തിന്റെ പ്രത്യേകത, ഏതുതരം വന്യമൃഗങ്ങളാണ് ജനവാസമേഖലയിൽ എത്തുന്നത്, ഇവയുടെ സ്വഭാവം, എണ്ണം തുടങ്ങിയവ മുൻനിർത്തിയാണ് പദ്ധതികൾ തയാറാക്കിയിട്ടുള്ളത്. മാങ്കുളത്ത് മിഷൻ റിയൽ ടൈംസ് മോണിറ്ററിംഗ് പദ്ധതിയാണ് നടപ്പാക്കുന്നത്.
വന്യജീവി ആക്രമണം കൂടുതലുള്ള പ്രദേശമാണിവിടം. ഈ മേഖലയിലെ സംഘർഷം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വനംവകുപ്പ് മിഷൻ റിയൽ ടൈംസ് മോണിറ്ററിംഗ് പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്. വനംവകുപ്പിന്റെ മാങ്കുളം ഫോറസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിൽ വനാതിർത്തികളിൽ 360 ഡിഗ്രി നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വന്യമൃഗങ്ങളുടെ തത്സമയ സഞ്ചാരവും സ്വഭാവവും ഉൾപ്പെടെ വിലയിരുത്തും. ഇതോടൊപ്പം ഇവ ജനവാസ മേഖലയിലേക്ക് എത്താനുള്ള സാധ്യത മുൻകൂട്ടികണ്ട് ആവശ്യമായ നടപടി സ്വീകരിക്കാനും പദ്ധതി ഉപകരിക്കും.
പ്രദേശത്ത് വന്യജീവികളുടെ സാന്നിധ്യം ഉണ്ടായാൽ ജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകാനും പദ്ധതി ഉപകരിക്കും. ഇതുമായി ബന്ധപ്പെട്ട് കാമറകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഹെറേഞ്ച് സർക്കിൾ ചീഫ് കണ്‍സർവേറ്റർ ആർ.എസ്.അരുണ്‍ പറഞ്ഞു.
കിംസ് ഹെൽത്ത് കെയറിന്റെ സിഎസ്ആർ ധനസഹായത്തോടെയും ഇടുക്കി എൻജിനിയറിംഗ് കോളജിന്റെ സാങ്കേതിക സഹായത്തോടെയും ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതിക സഹായത്തോടെയുള്ള കാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. പദ്ധതിയുടെ ട്രയൽ റണ്‍ വിജയിച്ചതായും വനംവകുപ്പ് അറിയിച്ചു.
കാമറകൾ സ്ഥാപിക്കുന്നതിലൂടെ ജനവാസമേഖലയിൽ കാട്ടാനയടക്കമുള്ള വന്യജീവികളുടെ സാന്നിധ്യം മുൻകൂട്ടി തിരിച്ചറിയാൻ സാധിച്ചാൽ ജനവാസമേഖലയിലേക്ക് ഇവ എത്തുന്നതിനു മുന്‍പ് അവയെ വനത്തിലേക്ക് തുരത്താൻ പദ്ധതി സഹായിക്കുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ.
തേക്കടി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കാമറകൾസ്ഥാപിച്ച് വന്യജീവികളെ നിരീക്ഷിച്ചുവരുന്നുണ്ട്.
മറയൂരിൽ പിആർടി
വന്യജീവി ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി വനംവകുപ്പിന്റെ നേതൃത്വത്തിൽ പിആർടി സംഘത്തെ സജ്ജമാക്കും. ഇതിനായി വനം വകുപ്പ്, പോലീസ്, ആരോഗ്യം, റവന്യൂ തുടങ്ങിയ ഡിപ്പാർട്ട്മെന്റുകൾക്കു പുറമേ ഗ്രാമങ്ങളിലെ വോളണ്ടിയർമാരെയും ഉൾപ്പെടുത്തിയാണ് ആർആർടി ടീമിനെ സജ്ജമാക്കിയിരിക്കുന്നത്.
പഞ്ചായത്തിലെ വിവിധ വാർഡുകളിൽനിന്നുള്ള 25-ഓളം അംഗങ്ങളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. വന്യമൃഗങ്ങളുടെ സാന്നിധ്യം അറിഞ്ഞാൽ ഉടൻതന്നെ റെസ്പോണ്‍സ് ടീമിനെവിവരം അറിയിക്കുകയും ഉൾവനത്തിലേക്ക് മൃഗങ്ങളെ തുരത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.
ടീമിലെ 25 പേർക്കും വനംവകുപ്പ് പ്രത്യേക യൂണിഫോം തയാറാക്കി നൽകിയിട്ടുണ്ട്. പ്രദേശവാസികളുടെ സഹകരണം കൂടി ലഭ്യമായാൽ പ്രശ്നപരിഹാരം സാധ്യമാണെന്ന് കാന്തല്ലൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി. രഘുലാൽ പറഞ്ഞു.