നാരങ്ങാനത്ത് സ്ഥാപിച്ച കുരിശ് വനംവകുപ്പ് പൊളിച്ചുനീക്കി
1542284
Sunday, April 13, 2025 5:26 AM IST
കരിമണ്ണൂർ: തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയുടെ നേതൃത്വത്തിൽ തോക്കുന്പൻസാഡിൽ റോഡിനോടു ചേർന്ന് നാരങ്ങാനം ഭാഗത്ത് സ്ഥാപിച്ച കുരിശ് പൊളിച്ചുനീക്കിയതിൽ വ്യാപക പ്രതിഷേധം.
പള്ളിയുടെ കൈവശഭൂമിയിൽ വെള്ളിയാഴ്ചയാണ് കോണ്ക്രീറ്റ് കുരിശ് സ്ഥാപിച്ചത്. വലിയ നോന്പിലെ നാൽപ്പതാം വെള്ളിയാഴ്ച ഇടവകയുടെ നേതൃത്വത്തിൽ ഇവിടേക്ക് കുരിശിന്റെ വഴിയും നടത്തിയിരുന്നു. ഇതിനിടെയാണ് യാതൊരു മുന്നറിയിപ്പും നൽകാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ പോലീസിന്റെ സഹായത്തോടെ സ്ഥലത്തെത്തി ഇന്നലെ രാവിലെ 11ഓടെ ജെസിബി ഉപയോഗിച്ച് കുരിശ് പൊളിച്ചുനീക്കിയത്.
പിഴുതെടുത്ത കുരിശ് നശിപ്പിക്കാനായിരുന്നു ശ്രമം. ഈ സമയം സ്ഥലത്തുണ്ടായിരുന്ന വിശ്വാസികൾ ഇത് എതിർത്തതോടെ കുരിശ് ലോറിയിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. കുരിശ് പൊളിക്കുന്നത് എതിർത്ത നാട്ടുകാരനെ പോലീസ് പിടിച്ചുതള്ളുകയും ചെയ്തു. കുരിശ് പൊളിച്ചുനീക്കിയ സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളിൽനിന്ന് ഉയരുന്നത്.
ഇന്നലെ വൈകുന്നേരം കത്തോലിക്ക കോണ്ഗ്രസിന്റെ നേതൃത്വത്തിൽ തൊമ്മൻകുത്ത് ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി. പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കുചേർന്നു. വിഷയം ചർച്ച ചെയ്യാൻ ഇന്നു രാവിലെ പള്ളിയിൽ പൊതുയോഗം വിളിച്ചിട്ടുണ്ട്. കുരിശ് സ്ഥാപിച്ച സ്ഥലത്തുനിന്ന് ഒരുകിലോമീറ്ററോളം അകലെയാണ് വനംവകുപ്പിന്റെ ജണ്ടയുള്ളതെന്നും വർഷങ്ങളായി കൈവശത്തിലുള്ള ഭൂമിയിലാണ് കുരിശ് സ്ഥാപിച്ചിരുന്നതെന്നും വികാരി ഫാ. ജയിംസ് ഐക്കരമറ്റം പറഞ്ഞു. ഇവിടെ നിരവധി കുടുംബങ്ങൾ അധിവസിക്കുന്നുണ്ട്. ഇവർക്കെല്ലാം തങ്ങളുടെ സ്ഥലത്തിന് കൈവശരേഖയുമുണ്ട്.
പള്ളിയുടെ കൈവശത്തിലുള്ള സ്ഥലത്ത് സ്ഥാപിച്ച കുരിശ് പൊളിച്ചുനീക്കുന്നതു സംബന്ധിച്ച് യാതൊരു അറിയിപ്പും നൽകിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ നെയ്യശേരി-തോക്കുന്പൻസാഡിൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് നിരവധി തവണ തടസവാദവുമായി വനംവകുപ്പ് രംഗത്തുവന്നിരുന്നു. റോഡ് നിർമാണ കരാറുകാർക്കെതിരേ കേസെടുത്തതോടെ നിർമാണ പ്രവർത്തനം ദിവസങ്ങളോളം മുടങ്ങുകയും ചെയ്തു.
ഇതിനു പുറമേ ആയിരക്കണക്കിനു സഞ്ചാരികൾ എത്തുന്ന ആനയാടിക്കുത്തിലേക്കുള്ള പ്രവേശനം തടയുന്നതിനും വനംവകുപ്പ് നേരത്തേ ശ്രമം നടത്തിയിരുന്നു. ആനയാടിക്കുത്തും വനംവകുപ്പിന്റെ അധീനതയിലാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് നാട്ടുകാർ ആരോപിച്ചു. കർഷകൻ നട്ടുപിടിപ്പിച്ച സ്വന്തം കൃഷിയിടത്തിലെ മരങ്ങൾ വെട്ടിയെടുക്കുന്നതിനും വനംവകുപ്പ് തടസം നിൽക്കുകയാണ്. ഇതുമൂലം മരങ്ങൾ വാങ്ങാൻ ആരും തയാറാകുന്നില്ല. ആരെങ്കിലും വാങ്ങിയാൽ നാമമാത്ര വില മാത്രമാണ് കർഷകനു ലഭിക്കുന്നത്.
സമീപനാളിൽ വനംവകുപ്പിന്റെ അനാവശ്യഇടപെടൽ പ്രദേശത്ത് വർധിച്ചുവരികയാണ്. ഇതു വലിയ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരെ നിലയ്ക്കുനിർത്താൻ സർക്കാർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കത്തോലിക്ക കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തി
തൊമ്മൻകുത്ത്: സെന്റ് തോമസ് പള്ളിയുടെ കീഴിൽ ആനയാടിക്കുത്തിനു സമീപം നാരങ്ങാനം ഭാഗത്ത് സ്ഥാപിച്ച കുരിശ് വനംവകുപ്പ് നശിപ്പിച്ചതിൽ പ്രതിഷേധിച്ച് കത്തോലിക്ക കോണ്ഗ്രസ് തൊമ്മൻകുത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ഇന്നലെ വൈകുന്നേരം 6.30-ഓടെപള്ളി പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം മണിയൻസിറ്റി ചുറ്റി തിരികെ പള്ളിയിൽ സമാപിച്ചു.

പ്രകടനത്തിലും പ്രതിഷേധ യോഗത്തിലും നിരവധിപ്പേർ പങ്കെടുത്തു. വികാരി ഫാ. ജയിംസ് ഐക്കരമറ്റം, കത്തോലിക്ക കോണ്ഗ്രസ് യൂണിറ്റ് പ്രസിഡന്റ് സോജൻ കുന്നുംപുറത്ത് തുടങ്ങിയവർ പ്രസംഗിച്ചു. കേരള കോണ്ഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോണ് ജോസഫ് സ്ഥലത്തെത്തിയിരുന്നു. അതേസമയം കുരിശ് സ്ഥാപിച്ച സ്ഥലം റിസർവ് വനമാണെന്നും ഇവിടെ കുരിശ് സ്ഥാപിച്ചസംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും കാളിയാർ റേഞ്ച് ഓഫീസർ ടി.കെ. മനോജ് പറഞ്ഞു.