ക്വട്ടേഷൻ കൊലപാതകം: ശബ്ദപരിശോധന നടത്തി
1541551
Friday, April 11, 2025 12:01 AM IST
തൊടുപുഴ: സാന്പത്തിക തർക്കത്തെത്തുടർന്ന് മുൻ ബിസിനസ് പങ്കാളിയെ കൊലപ്പടുത്തിയ കേസിൽ ഒന്നാം പ്രതിയുടെ ശബ്ദ പരിശോധന നടത്തി.
തൊടുപുഴ ചുങ്കം മുളയിങ്കൽ ബിജു ജോസഫിനെ കൊലപ്പെടുത്തി മാൻഹോളിൽ തള്ളിയ കേസിലെ മുഖ്യ പ്രതി കലയന്താനി സ്വദേശി ജോമോന്റെ ശബ്ദത്തിന്റെ ശാസ്ത്രീയ പരിശോധനയാണ് ഇന്നലെ സ്റ്റുഡിയോയിൽ നടത്തിയത്. കൊലപാതകത്തിനു ശേഷം ജോമോൻ നടത്തിയ ഫോണ് സംഭാഷണത്തിന്റെ ശബ്ദ സന്ദേശം പോലീസിനു ലഭിച്ചിരുന്നു. ഇതിന്റെ ആധികാരികത കണ്ടെത്തുന്നതിനാണ് ഇയാളുടെ ശബ്ദ പരിശോധന നടത്തിയത്.
ഇതിനിടെ ജോമോന്റെ ഭാര്യയെ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ എത്തിയില്ല. അന്വേഷണ ഉദ്യോഗസ്ഥർ ഇന്നലെ വീട്ടിൽ എത്തിയെങ്കിലും ഇവർ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
ഒന്നാം പ്രതി ജോമോൻ, മൂന്നാം പ്രതി മുഹമ്മദ് അസ്ലം എന്നിവരെ ചൊവ്വാഴ്ചയാണ് മജിസ്ട്രേറ്റ് കോടതി അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. ഇവരുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും.