മൂലമറ്റം സ്വിച്ച് യാർഡിൽ പൊട്ടിത്തെറി; ജനറേറ്റർ നിലച്ചു
1541860
Friday, April 11, 2025 11:43 PM IST
മൂലമറ്റം: മൂലമറ്റം സ്വിച്ച് യാർഡിൽ വ്യാഴാഴ്ച രാത്രി ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ചു. ആളപായമില്ല. രാത്രി ഒന്നോടെയാണ് വലിയ ശബ്ദത്തിൽ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ചത്. മൂലമറ്റം-കളമശേരി 220 കെവി ലൈനിന്റെ പൊട്ടൻഷ്യൽ ട്രാൻസ്ഫോർമറാണ് പൊട്ടിത്തെറിച്ചത്. ഇതോടെ മൂലമറ്റത്തും സമീപ പ്രദേശങ്ങളിലും വൈദ്യുതി തടസം നേരിട്ടു.
ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കാൻ എട്ട് ദിവസമെങ്കിലും വേണമെന്നാണ് ബോർഡ് അധികൃതർ പറയുന്നത്. ഇതിനു പുറമേ പവർഹൗസിലെ ഒന്നാംഘട്ടത്തിലെ മൂന്നാം നന്പർ ജനറേറ്ററിലേക്ക് കുളമാവ് ഡാമിൽനിന്നു നാടുകാണി വഴി ഭൂഗർഭ പെൻസ്റ്റോക്ക് പൈപ്പിലൂടെ വെള്ളമെത്തിക്കുന്ന സ്ഫെറിക്കൽ വാൽവിന്റെ സീലും തകരാറിലായി. ഇതുമൂലം മൂന്നാം നന്പർ ജനറേറ്ററിന്റെ പ്രവർത്തനവും നിലച്ചു.
സ്ഫെറിക്കൽ വാൽവിൽനിന്ന് ആറു ജലധാരകളായി തിരിഞ്ഞാണ് ടർബൈനിലേക്ക് വെള്ളം പതിക്കുന്നത്. ഓരോ ടർബൈനുകളും കറങ്ങുന്പോഴാണ് ജനറേറ്റർ പ്രവർത്തിച്ച് വൈദ്യുതി ഉത്പാദനം നടക്കുന്നത്. ഒരു ജനറേറ്ററിൽനിന്നു 130 മെഗാവാട്ട് വീതം 780 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടത്തെ ഉത്പാദന ശേഷി.
ദുരന്തനിവാരണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നലെ പവർഹൗസിൽ സൈറണ്‍ മുഴക്കുമെന്നും മോക് ഡ്രിൽ നടത്തുമെന്നും അധികൃതർ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള മുഴക്കമാണെന്നാണ് ആദ്യം ജനങ്ങൾ ധരിച്ചത്.