ചുഴലിക്കാറ്റ് പ്രതിരോധം: മോക്ക് ഡ്രിൽ ഇന്ന്
1541558
Friday, April 11, 2025 12:01 AM IST
ഇടുക്കി: ദേശീയ, സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റികളുടെ ആഭിമുഖ്യത്തിൽ ഇന്ന് സംസ്ഥാനത്ത് ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളും പ്രതിരോധിക്കുന്നതിനുള്ള തയാറെടുപ്പുകൾ വിലയിരുത്തുന്നതിനായി മൂലമറ്റം, പള്ളിവാസൽ പവർ ഹൗസുകളിൽ രാവിലെ എട്ടിനും ഉച്ചയ്ക്ക് ഒന്നിനും ഇടയിൽ മോക്ഡ്രിൽ നടത്തും. ഈ സമയം പവർ ഹൗസുകളിൽനിന്നു ം ഫയർ ഫോഴ്സ്, ദേശീയ ദുരന്ത പ്രതികരണ സേന, പോലീസ്, ആരോഗ്യ വകുപ്പ് എന്നിവരുടെ വാഹനങ്ങളിൽനിന്നും അപായ സൈറണ്‍ മുഴങ്ങുന്ന അവസരത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്ന് അധികൃതർ അറിയിച്ചു.
ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇൻസിഡന്റ് റെസ്പോണ്‍സ് സിസ്റ്റത്തിന്റെ പ്രവർത്തനം, കണ്ട്രോൾ റൂമുകളുടെ പ്രവർത്തനം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, സൈറണുകളുടെ പ്രവർത്തനം, അപകട സ്ഥലത്ത് നടത്തുന്ന പ്രതിരോധ, രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം മുതലായവയും നിലവിൽ ഓരോ സംവിധാനവും എത്രത്തോളം സജ്ജമാണെന്നു പരിശോധിക്കാനും ശ്രദ്ധയിൽപ്പെടുന്ന പോരായ്മകൾ പരിഹരിക്കാനുമാണ് മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്.