പതിവ് തെറ്റിച്ചില്ല; എട്ടാം വർഷത്തിലും മോഹനൻ കുരുത്തോലയുമായെത്തി
1542279
Sunday, April 13, 2025 5:26 AM IST
രാജാക്കാട്: ഓശാനത്തിരുനാളിൽ മതസൗഹാർദത്തിന്റെ സന്ദേശം കുരുത്തോലയിലൂടെ പങ്കുവച്ച് ഹൈന്ദവ സഹോദരൻ. രാജാക്കാട് ഓണംപാറയിൽ മോഹനനാണ് മതസൗഹാർദത്തിന്റെ പ്രതീകമായി രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിക്ക് സ്വന്തം പുരയിടത്തിലെ കുരുത്തോല മുറിച്ചുനൽകി മാതൃകയായത്. തന്റെ പുരയിടത്തിലുളള 18 തെങ്ങുകളുടെ കുരുത്തോലകളാണ് പള്ളിക്ക് നൽകിയത്.
ടൗണിൽ മുനീന്ദ്ര ബാർബർ ഷോപ്പ് എന്ന സ്ഥാപനം നടത്തുന്ന മോഹനൻ കഴിഞ്ഞ ഏഴുവർഷമായി ഇതിനു മുടക്കംവരുത്തിയിട്ടില്ല. രാജാക്കാടിനു പുറമേ ജോസ്ഗിരി പള്ളിയിലും കുരുത്തോലകൾ എത്തിച്ചു നൽകാറുണ്ട്.
ഹൈറേഞ്ച് മേഖലയിൽ മണ്ടവീഴ്ചമൂലം തെങ്ങുകൾ വ്യാപകമായി നശിച്ചതിനെത്തുടർന്ന് ഓശാന ഞായറാഴ്ച പള്ളികളിൽ വിതരണം ചെയ്യാൻ ആവശ്യമായ കുരുത്തോല ലഭ്യമാക്കാൻ അധികൃതർ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതു തിരിച്ചറിഞ്ഞാണ് മോഹനൻ രാജാക്കാട് പള്ളിയിൽ കഴിഞ്ഞ ഏഴുവർഷമായി മുടങ്ങാതെ കുരുത്തോല എത്തിച്ചു നൽകുന്നത്.
1,089 കുടുംബങ്ങളുള്ള ഇടവകയിൽ ഓശാനഞായറാഴ്ച നൽകാൻ 5,000 ത്തിലധികം കുരുത്തോലകൾ ആവശ്യമാണ്. ടൗണ്‍ പള്ളിയായതിനാൽ സമീപ ഇടവകകളിൽനിന്ന് ഓശാന ഞായറാഴ്ച കൂടുതൽ വിശ്വാസികൾ എത്താറുണ്ട്. ഇവർക്കെല്ലാം ആവശ്യമായ കുരുത്തോലകൾ നൽകുന്നതിന് ഒരിക്കലും തടസമുണ്ടായിട്ടില്ല.
പ്രദേശത്ത് ഏലം കൃഷിയാണ് കൂടുതലുള്ളത്. തെങ്ങ് കൃഷി കുറഞ്ഞുവരുന്നതു കുരുത്തോലകൾക്ക് ക്ഷാമത്തിനു കാരണമാകുന്നുണ്ട്. എന്നാൽ മോഹനനെപ്പോലുള്ളവർ ഉണ്ടെങ്കിൽ ഒരിക്കലും കുരുത്തോലകൾക്ക് ക്ഷാമം ഉണ്ടാകില്ലെന്നു വികാരി ഫാ. മാത്യു കരോട്ട് കൊച്ചറയ്ക്കൽ പറഞ്ഞു. സഹ വികാരി ഫാ. സെബാസ്റ്റ്യൻ മച്ചുകാട്ട്, കൈക്കാരൻ ബിനോയി കൂനംമാക്കൽ, പാരീഷ് കൗണ്‍സിൽ സെക്രട്ടറി സജി പൂവത്തിങ്കൽ, ഷൈൻ കോവൂർ, മനോജ് തട്ടാറുകുന്നേൽ എന്നിവർ ചേർന്നാണ് കുരുത്തോല ഏറ്റുവാങ്ങിയത്.