എഴുകുംവയൽ കുരിശുമല തീർഥാടനം തുടങ്ങി
1541562
Friday, April 11, 2025 12:01 AM IST
ചെറുതോണി: കാൽവരിമലയിലേക്കുള്ള യേശുവിന്റെ പീഡാനുഭവ യാത്രയെ അനുസ്മരിപ്പിച്ച് ഇടുക്കി രൂപത കുടുംബം നടത്തുന്ന കുരിശുമല തീർഥാടനത്തിന് തുടക്കമായി. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽനിന്നു ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ ആരംഭിച്ച കാൽനട തീർഥയാത്രയിൽ വൈദികരും സന്യസ്തരുമുൾപ്പെടെ നൂറുകണക്കിനുവിശ്വാസികൾ പങ്കുചേർന്നു. ഭാരമേറിയ മരക്കുരിശുമായാണ് യുവവൈദികർ തീർഥയാത്രയെ അനുഗമിക്കുന്നത്.
രൂപത മുഖ്യ വികാരി ജനറാൾ മോണ്‍. ജോസ് കരിവേലിക്കൽ, കത്തീഡ്രൽ വികാരി ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ. ജോർജ് തകിടിയേൽ, രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി. തീർഥാടനം ഇന്നലെ പാണ്ടിപ്പാറ സെന്റ് ജോസഫ് പള്ളിയിൽ സമാപിച്ചു.
ഇന്നു പുലർച്ചെ 3.45ന് പുനരാരംഭിക്കും. വിവിധ ഇടവകകളിൽനിന്നു രാവിലെ 8.30നു മലയടിവാരത്ത് സംഗമിച്ച ശേഷമാണ് മലകയറുന്നത്. വലിയനോന്പിലെ നാൽപതാം വെള്ളിയാഴ്ചയായ ഇന്നു ഇടുക്കി രൂപതയുടെ തീർഥാടനദിനമാണ്. തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.