പാതിവില തട്ടിപ്പിൽ മൊഴിയെടുപ്പ്: നോട്ടീസ് കിട്ടിയിട്ടില്ലെന്ന് ഡീൻ
1541552
Friday, April 11, 2025 12:01 AM IST
തൊടുപുഴ: പാതിവില തട്ടിപ്പിൽ മൊഴിയെടുക്കാനായി തങ്ങൾക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ഡീൻ കുര്യാക്കോസ് എംപിയും സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസും പറഞ്ഞു. കേസിലെ ഒന്നാം പ്രതി അനന്ദു കൃഷ്ണനിൽനിന്നു പണം സ്വീകരിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇരുവരെയും ചോദ്യം ചെയ്യുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു ഇവർ. നിർധന കുടുംബത്തിനായി അനന്ദു സഹായം നൽകിയിരുന്നുവെന്നും ഇതിന്റെ രേഖകൾ ഉണ്ടെന്നും ആർക്കുവേണമെങ്കിലും പരിശോധിക്കാവുന്നതാണെന്നും നേരത്തേ പലവട്ടം വ്യക്തമാക്കിയിരുന്നു. ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
ക്രൈംബ്രാഞ്ച് മൊഴിയെടുക്കുമെന്നത് മാധ്യമങ്ങളിലൂടെ കേട്ടറിവ് മാത്രമേയുള്ളുവെന്നും നോട്ടീസ് ലഭിച്ചിട്ടില്ലെന്നും സി.വി വർഗീസും വ്യക്തമാക്കി.