കണിക്കൊന്ന പ്രഭയിൽ വിഷുവിപണി
1541864
Friday, April 11, 2025 11:43 PM IST
തൊടുപുഴ: കണികണ്ടുണരാൻ ഒരു വിഷുക്കാലംകൂടി വന്നെത്തിയതോടെ ആഘോഷത്തിനു പൊലിമ പകരാൻ വിപണി സജീവമായിത്തുടങ്ങി. കണിയൊരുക്കാനുള്ള കൃഷ്ണവിഗ്രഹങ്ങൾ ഇതിനോകംതന്നെ വലിയതോതിൽ വിൽപ്പന നടന്നു കഴിഞ്ഞു. വിഷുപ്പുലരിക്ക് രണ്ടു ദിവസം മാത്രം നിലനിൽക്കേ വസ്ത്രവിപണിയിലും ഗൃഹോപകരണ വിൽപ്പന കേന്ദ്രങ്ങളിലും മറ്റും തിരക്ക് വർധിച്ചിട്ടുണ്ട്. ഇന്നു മുതൽ പഴം, പച്ചക്കറി കടകളിലും ബേക്കറികളിലും തിരക്ക് അനുഭവപ്പെട്ടു തുടങ്ങും. വഴിയോരങ്ങളിൽ പടക്കക്കടകളും നിരന്നു. വിഷുവിന് വലിയ തോതിൽ വിൽപ്പന നടക്കുന്ന കണിവെള്ളരി മാർക്കറ്റുകളിൽ വലിയ തോതിൽ ഇടം പിടിച്ചിട്ടുണ്ട്.
വിഷു കണക്കിലെടുത്ത് പച്ചക്കറി ഉത്പന്നങ്ങളുടെ വിലയിൽ വലിയ തോതിൽ വർധനയുണ്ടായിട്ടില്ല. ബീൻസ് ഉൾപ്പെടെ ചില ഉത്പന്നങ്ങൾക്ക് വില വർധിച്ചതൊഴിച്ചാൽ മറ്റുള്ളവയുടെ വിലയിൽ വലിയ വ്യത്യാസം വന്നിട്ടില്ല. തമിഴ്നാട്ടിൽനിന്നു തന്നെയാണ് ഇത്തവണയും കണിവെള്ളരി ഉൾപ്പെടെ ഭൂരിഭാഗം പച്ചക്കറികളും വിപണിയിലെത്തുന്നത്. വിഷുവിനോടനുബന്ധിച്ച് കൃഷിവകുപ്പും വെജിറ്റബിൾ ആന്‍ഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗണ്‍സിലും വിപണികൾ തുറക്കാറുണ്ടായിരുന്നെങ്കിലും ഇത്തവണ വിഷുച്ചന്തകൾ തുറക്കാത്തത് സാധാരണക്കാർക്ക് തിരിച്ചടിയായി.
മഞ്ഞ പുതപ്പിച്ച് കണിക്കൊന്ന
വിഷു ആഘോഷത്തിന് കൊന്നപ്പൂക്കൾ ഒഴിവാക്കാൻ കഴിയാത്തതിനാൽ നാളെ പ്രധാന ടൗണുകളിലെല്ലാം തന്നെ കണിക്കൊന്നപ്പൂക്കൾ വിൽപ്പനയ്ക്കെത്തും. പല വീടുകളുടെയും തൊടിയിലും പാതയോരങ്ങളിലും മഞ്ഞ പുതച്ചുനിൽക്കുന്ന കണിക്കൊന്നപ്പൂക്കൾ കാണാം. ഇവയെല്ലാംതന്നെ അടർത്തിയെടുത്ത് ഓട്ടോയിലും മറ്റുമായി വിൽപ്പനയ്ക്കെത്തിക്കും. വിഷുവിന് കൊന്നപ്പൂക്കൾക്ക് ആവശ്യക്കാരേറുന്നതിനാൽ വലിയ വിലയാണ് ഇതിന് ഈടാക്കുന്നത്. കഴിഞ്ഞ വർഷം ഒരു ചെറുപിടി കൊന്നപ്പൂവിന് 40 മുതൽ 50 രൂപ വരെയാണ് വഴിയോരക്കച്ചവടക്കാർ വാങ്ങിയത്.
ചൈനീസ് പൂക്കളും റെഡി
ഇതിനു പുറമേ കൊന്നപ്പൂവിന്റെ ക്ഷാമം കണക്കിലെടുത്ത് ചൈനീസ് കൊന്നപ്പൂക്കളും ഇപ്പോൾ വ്യാപകമായി പ്രചാരത്തിലുണ്ട്. നാടൻ കണിക്കൊന്നയോടെ സാമ്യമുള്ള ചൈനീസ് കൊന്നപ്പൂക്കൾ ഫാൻസി, സ്റ്റേഷനറി കടകളെ അലങ്കരിച്ചുകഴിഞ്ഞു. ഒരു പൂവിന് 30 രൂപ മുതലാണ് വില. ഒരു തവണ ഉപയോഗിച്ച ശേഷം സൂക്ഷിച്ചു വച്ചാൽ അടുത്ത വർഷവും ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.
കണിവെള്ളരി
വിഷുക്കണി കാണാൻ സ്വർണവർണമാർന്ന വെള്ളരിയാണ് വേണ്ടത്. നല്ല കണിവെള്ളരിയ്ക്ക് 45-55 രൂപ വരെയാണ് വില. അരക്കിലോ മുതൽ രണ്ടു കിലോ വരെ വലിപ്പമുള്ള കണിവെള്ളരികളുണ്ട്. മൂന്ന് മാസമാണ് കണിവെള്ളരി പാകമാകാൻ എടുക്കുന്ന സമയം. വേനൽമഴ മറ്റ് വിളകൾക്ക് ഗുണം ചെയ്യുമെങ്കിലും വെള്ളരിക്ക് തിരിച്ചടിയാകും. മഴകൊണ്ടാൽ മൂത്ത വെള്ളരിയടക്കം പൊട്ടി നശിച്ചു പോകുമെന്ന് കർഷകർ പറഞ്ഞു.
പടക്ക വിപണി
വിഷുവിന് കുട്ടികളുടെ പ്രധാന ആഘോഷത്തിൽനിന്ന് പടക്കത്തെ മാറ്റിനിർത്താനാവില്ല. പൂത്തിരിയും കന്പിത്തിരിയും ചക്രങ്ങളും വിവിധ തരത്തിലുള്ള പടക്കങ്ങളുമാണ് വിപണിയിൽ എത്തിയിരിക്കുന്നത്. അപകടരഹിതമായ ചൈനീസ് ഇനങ്ങൾക്കായിരിക്കും ഡിമാൻഡ് കൂടുതൽ. ക്രിസ്മസിനും ന്യൂഇയറിനും ശേഷം പടക്ക വിപണി സജീവമാകുന്നത് വിഷുവിനും ദീപാവലിക്കുമാണ്. തമിഴ്നാട്ടിലെ ശിവകാശിയിൽനിന്നാണ് കേരളത്തിലെ പടക്ക മൊത്ത വ്യാപാരികൾ ലോഡ് എത്തിക്കുന്നത്. വിഷു എത്തുന്നതോടെ പല ഇനങ്ങൾക്കും മൊത്തക്കച്ചവടക്കാർ വില ഉയർത്താറുണ്ട്.