ക്വട്ടേഷൻ കൊലപാതകം ; ഒരാൾകൂടി പിടിയിൽ
1541866
Friday, April 11, 2025 11:43 PM IST
തൊടുപുഴ: സാന്പത്തിക തർക്കത്തെത്തുടർന്ന് നടന്ന ക്വട്ടേഷൻ കൊലപാതകക്കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റു ചെയ്തു. ഭരണങ്ങാനം എട്ടിലൊന്ന് പാറപ്പുറത്ത് എബിൻ തോമസ് (35) ആണ് പിടിയിലായത്.
ഇതോടെ തൊടുപുഴ ചുങ്കം മുളയിങ്കൽ ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ ഇതുവരെ പിടിയിലായവരുടെ എണ്ണം അഞ്ചായി. കേസിലെ ഒന്നാം പ്രതിയും ബിജുവിന്റെ ബിസിനസ് പങ്കാളിയുമായിരുന്ന ജോമോന്റെ ബന്ധുവാണ് പിടിയിലായ എബിൻ.
കൊലപാതക വിവരങ്ങൾ എബിന് പൂർണമായി അറിയാമായിരുന്നെന്ന് പോലീസ് പറഞ്ഞു. ജോമോന് സാന്പത്തിക സഹായം ഉൾപ്പെടെ എബിൻ നൽകിയിരുന്നു. ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോകുന്നത് മുതൽ പിന്നീട് ബിജു മരിച്ചതും മൃതദേഹം കുഴിച്ചിട്ടതും ഉൾപ്പെടെയുള്ള വിവരങ്ങൾ എബിന് അറിയാമായിരുന്നു. എന്നാൽ മൃതദേഹം കുഴിച്ചിട്ട സ്ഥലം അറിയില്ലായിരുന്നെന്നും പോലീസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം ജോമോൻ എബിനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു. പിന്നീട് പുതിയ ഫോണ് വാങ്ങാൻ 25,000 രൂപ അക്കൗണ്ടിൽ ഇട്ടുകൊടുത്തതും ഇയാളാണ്.
ജോമോനുമായി എബിന് ബിസിനസ് പങ്കാളിത്തം ഒന്നുമില്ലെങ്കിലും കേറ്ററിംഗ് സർവീസിൽ സഹായിച്ചിരുന്നതായി വിവരമുണ്ട്. അതേസമയം ജോമോന്റെ ഭാര്യ ഒളിവിൽ തുടരുകയാണ്.
ചോദ്യംചെയ്യലിന് ഹാജരാകാൻ ഇവർക്ക് നോട്ടീസ് നൽകിയെങ്കിലും എത്താതിരുന്നതിനെ തുടർന്ന് ഇവരെ അന്വേഷിച്ച് കഴിഞ്ഞദിവസം പോലീസ് വീട്ടിലെത്തിയെങ്കിലും സ്ഥലത്തുണ്ടായിരുന്നില്ല.ചോദ്യംചെയ്ത് സംഭവത്തിൽ ഇവർക്ക് പങ്കുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.
വരും ദിവസങ്ങളിൽ ഇവർ കീഴടങ്ങാനും സാധ്യതയുണ്ട്. ബിജുവിന്റെ മൃതദേഹം ഭാര്യ കണ്ടതാണെന്നും കിടപ്പുമുറിയിലെ രക്തക്കറ കഴുകിക്കളഞ്ഞത് ഇവരാണെന്നുമാണ് വിവരം.
നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള ജോമോൻ, മുഹമ്മദ് അസ്ലം, ജോമിൻ കുര്യൻ എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.