ബാർ അസോ. കോടതി നടപടി ബഹിഷ്കരിച്ചു
1541261
Thursday, April 10, 2025 12:00 AM IST
നെടുങ്കണ്ടം: കോടതി ഫീസുകളിലുണ്ടായ ഭീമമായ വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ നെടുങ്കണ്ടം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കു മുന്പിൽ അഭിഭാഷകർ കോടതി നടപടികൾ ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. ഇതിന്റെ ഭാഗമായി, ഫീസ് വർധനവിനായി പുറത്തിറക്കിയ വിജ്ഞാപനം അഭിഭാഷകർ കത്തിച്ചു.
കോടതി നടപടികൾക്കായി സമർപ്പിക്കുന്ന അപേക്ഷകൾ ഉൾപ്പടെയുള്ളവയ്ക്ക് 10 ശതമാനം മുതൽ 200 ശതമാനം വരെയാണ് വർധന വരുത്തിയിരിക്കുന്നത്. ഇത്തരം ഭീമമായ വർധനവ് എല്ലാവർക്കും സുഗമമായി നീതി തേടാനുള്ള അവസരം ഇല്ലാതെയാക്കുമെന്നും അതിനാൽ കോർട്ട് ഫീസ് വർധിപ്പിച്ച നടപടി പിൻവലിച്ച് നിലവിലുണ്ടായിരുന്ന ഫീസ് പുനഃസ്ഥാപിക്കണമെന്നും ബാർ അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
നെടുങ്കണ്ടം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എസ്.ജെ. ജെയ്മോൻ അധ്യക്ഷത വഹിച്ചു. അഡ്വ. സേനാപതി വേണു, അഡ്വ. പി.ടി. ചെറിയാൻ, അഡ്വ. കെ.എൻ. ശശീന്ദ്രൻ, അഡ്വ. കെ. കനിയപ്പൻ, അഡ്വ. വി.എം. ജോയി തുടങ്ങിയവർ പ്രസംഗിച്ചു. 25 ഓളം അഭിഭാഷകർ പങ്കെടുത്തു.