വിശ്വാസചൈതന്യം വിളിച്ചോതി കുരിശുമല തീർഥാടനം
1541859
Friday, April 11, 2025 11:43 PM IST
വിശുദ്ധിയുടെ പടവുകൾ ചവിട്ടി
നാൽപ്പതാംവെള്ളിയാചരണം
തൊടുപുഴ: വലിയ നോന്പിന്റെ ചൈതന്യം ഉൾക്കൊണ്ട് ഉപവാസവും പ്രാർഥനയുമായി ആത്മവിശുദ്ധീകരണത്തിന്റെ വഴിയിൽ വിശ്വാസീസമൂഹം നാൽപ്പതാം വെള്ളിയാചരണം നടത്തി. ഇതിന്റെ ഭാഗമായി ജില്ലയിലെ പ്രധാനപ്പെട്ട കുരിശുമലകളിലേക്ക് വിശ്വാസികൾ കുരിശിന്റെ വഴി നടത്തി. വിശുദ്ധ കുർബാന, ഉൗട്ടുനേർച്ച എന്നിവയിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
ആയിരങ്ങൾ പങ്കാളികളായി
ഇടുക്കി: വിശ്വാസചൈതന്യം വിളിച്ചോതി നാൽപ്പതാം വെള്ളിയാചരണത്തോടനുബന്ധിച്ച് ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ എഴുകുംവയൽ കുരിശുമലയിലേക്ക് നടത്തിയ കാൽനട തീർഥാടനത്തിൽ ആയിരങ്ങൾ പങ്കാളികളായി. വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി മാറിയ മൂന്നാമതു തീർഥാടനത്തിന് ഇടുക്കി ബിഷപ് മാർ ജോണ് നെല്ലിക്കുന്നേൽ നേതൃത്വം നൽകി. 30 കിലോമീറ്റർ ദൂരം ബിഷപ് കാൽനടയായി തീർഥാടനത്തിന്റെ മുൻനിരയിൽ നീങ്ങി. വ്യാഴാഴ്ച രാവിലെ ആറിന് വാഴത്തോപ്പ് കത്തീഡ്രൽ പള്ളിയിൽനിന്ന് ആരംഭിച്ച തീർഥാടനം രാത്രി 11നു പാണ്ടിപ്പാറയിൽ എത്തിച്ചേർന്നു. തുടർന്ന് ഇന്നലെ പുലർച്ചെ 3.30നു ഇവിടെനിന്ന് ആരംഭിച്ച തീർഥാടനം 8.30ന് വെട്ടിക്കാമറ്റത്തെത്തി.
വെള്ളയാംകുടി, തോപ്രാംകുടി, നെടുങ്കണ്ടം, രാജകുമാരി, അടിമാലി എന്നീ സ്ഥലങ്ങളിൽനിന്ന് ആരംഭിച്ച തീർഥാടനവും ഇവിടെ സംഗമിച്ചു. തുടർന്നു മലമുകളിലേക്ക് കുരിശിന്റെ വഴിയുമായി നടന്നുനീങ്ങി. രൂപതയിലെ വിവിധ ഇടവകകളിൽനിന്ന് എത്തിച്ചേർന്ന ആയിരക്കണക്കിനു വിശ്വാസികൾ തീർഥാടനത്തെ വരവേറ്റു.
രാവിലെ 9.30ന് കപ്പളയിൽ പ്രാരംഭ പ്രാർഥനകൾ നടത്തി. തുടർന്നു 11.30നു തീർഥാടകർ മലമുകളിലെത്തി. കൊടുംചൂടിനെ അവഗണിച്ചും വിശ്വാസികൾ തീർഥാടനത്തിൽ പങ്കുചേർന്നത് വിശ്വാസത്തിന്റെ നേർസാക്ഷ്യമായി. മലമുകളിൽ മാർ ജോണ് നെല്ലിക്കുന്നേലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ഏറെ ത്യാഗം സഹിച്ചുള്ള ഈ തീർഥാടനം ജീവിതത്തിലുണ്ടാകുന്ന സഹനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കാനും വിശ്വാസജീവിതത്തിൽ മുന്നേറാനുമുള്ള ശക്തിയാണ് പ്രദാനം ചെയ്യുന്നതെന്ന് ബിഷപ് പറഞ്ഞു. ഈശോ സഹിച്ച പീഡകളെ നമ്മുടെ ജീവിതത്തിൽ ഏറ്റുവാങ്ങുന്നതിന്റെ ഭാഗമാണ് ത്യാഗപൂർണമായ ഈ യാത്ര. അനുദിന ജീവിതത്തിലെ ക്ലേശങ്ങളെ ഈശോയുടെ കുരിശോടു ചേർത്തുവയ്ക്കുന്പോഴാണ് നമ്മുടെ ജീവിതം അർഥപൂർണമാകുന്നതെന്നും ബിഷപ് പറഞ്ഞു.
തോപ്രാംകുടി പള്ളി വികാരി ഫാ. ജോസി പുതുപ്പറന്പിൽ നാൽപ്പതാം വെള്ളി സന്ദേശം നൽകി. രൂപത വികാരി ജനറാൾമാരായ മോണ്. ജോസ് കരിവേലിക്കൽ, മോണ്. ഏബ്രഹാം പുറയാറ്റ്, വികാരിമാരായ ഫാ. ജോസഫ് തച്ചുകുന്നേൽ, ഫാ. അമൽ മണിമലക്കുന്നേൽ എന്നിവർ വിശുദ്ധ കുർബാനയിൽ സഹകാർമികരായിരുന്നു. തീർഥാടകർക്ക് നേർച്ചക്കഞ്ഞി വിതരണം ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞും രാത്രിയിലും നിരവധി വിശ്വാസികളാണ് കുരിശുമലയിലെത്തിയത്. തീർഥാടകർക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
വലിയ നോന്പിൽ എഴുകുംവയൽ കുരിശുമല സന്ദർശിച്ച് വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് മാർപാപ്പയുടെ നിയോഗങ്ങൾക്കായി പ്രാർഥിക്കുന്നവർക്ക് ജൂബിലി വർഷസമ്മാനമായി പൂർണ ദണ്ഡവിമോചനം ലഭിക്കുമെന്നു രൂപത കേന്ദ്രം അറിയിച്ചു. നോന്പുകാലം തീരുന്നതുവരെ തീർഥാടകർക്ക് കുരിശുമല കയറുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
തുന്പച്ചി കുരിശുമല
അറക്കുളം: ബൈബിളിലെ വിവിധ ദൃശ്യങ്ങൾ ശിൽപഭംഗിയോടെ ഒരുക്കിയിരിക്കുന്ന പ്രകൃതിരമണീയമായ അറക്കുളം തുന്പച്ചി കുരിശുമലയിൽ നാൽപതാം വെള്ളയാചരണത്തോടനുബന്ധിച്ച് വിശ്വാസികൾ കുരിശിന്റെ വഴിയുമായി മലകയറി. ഗത്സമനിൽ പ്രാർഥിക്കുന്ന ഈശോയുടെ രൂപത്തിനു മുന്നിൽ നിന്നു രാവിലെ ഒന്പതിനു മലമുകളിലേക്ക് നടത്തിയ കുരിശിന്റെ വഴിക്ക് അറക്കുളം സെന്റ് മേരീസ് പള്ളി സഹവികാരി ഫാ. ജോർജ് ഞാറ്റുതൊട്ടിയിൽ നേതൃത്വം നൽകി.
ഭാരത അപ്പസ്തോലനായ മാർതോമാശ്ലീഹയുടെ തിരുസ്വരൂപം വണങ്ങി, യാക്കോബിന്റെ കിണർ ദർശിച്ച് പിയാത്തായുടെ അരികിലൂടെ യോനായെ മത്സ്യം വിഴുങ്ങുന്ന ദൃശ്യം കണ്ട് ഇരുകൈകളും ഉയർത്തി ലോകത്തെ ആശീർവദിക്കുന്ന ഉത്ഥിതന്റെ തിരുസ്വരൂപത്തിലേക്ക് കണ്ണുകൾ ഉയർത്തി പ്രാർഥിച്ച് പിറവിയുടെ ഗുഹയിൽ എത്തുന്പോൾ മനസിൽ നിറയുന്നത് ശാന്തത. പിന്നീട് പഠിപ്പിക്കുന്ന ഗുരുവായ ഈശോയുടെ രൂപം ദർശിച്ച് കാൽവരി സമുച്ചയത്തിൽ എത്തി നേർച്ചകാഴ്ചകൾ അർപ്പിച്ച് കൽക്കുരിശിൽ എണ്ണയൊഴിച്ച് പ്രാർഥിച്ച് പുതിയ ദേവാലയം സന്ദർശിച്ച് മലയിറങ്ങുന്പോൾ മനസിലെ ഭാരമെല്ലാം അലിഞ്ഞില്ലാതാകുന്ന അനുഭവമാണ് ഓരോ വിശ്വാസിയുടെയും ഉള്ളിൽ നിറയുന്നത്.
നാൽപ്പതാംവെള്ളിയാചരണത്തിന്റെ ഭാഗമായി നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ജേക്കബ് കടുതോടിൽ കാർമികത്വം വഹിച്ചു. പാലാ രൂപത ചാൻസലർ ഫാ. ജോസഫ് കുറ്റിയാങ്കൽ വചനസന്ദേശം നൽകി വികാരി ഫാ. മൈക്കിൾ കിഴക്കേപ്പറന്പിൽ ഉൗട്ടുനേർച്ച ആശീർവദിച്ചു. തുടർന്നു നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ജോർജ് തൊട്ടിയിൽ കാർമികനായി.
രാവിലെ മുതൽ നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിശ്വാസികൾ കുരിശിന്റെ വഴിയുമായി തുന്പച്ചി കുരിശുമലയിൽ എത്തിയിരുന്നു. ഫാ. ജോർജ് ഞാറ്റുതൊട്ടിയിൽ, കൈക്കാരന്മാരായ ബേബി ഐക്കരമറ്റം, ജോയി കുളത്തിനാൽ, ജോമോൻ മൈലാടൂർ, ഷിന്ധു കുളത്തിനാൽ എന്നിവർ നേതൃത്വം നൽകി. ദുഃഖവെള്ളിയാഴ്ച രാവിലെ എട്ടിന് അറക്കുളം അശോകക്കവലയിൽനിന്ന് ഇടുക്കി റോഡിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ച് തുന്പച്ചിയിലേക്ക് പരിഹാര പ്രദക്ഷിണം നടത്തും.
ഹിഡുംബൻ മല
നാകപ്പുഴ: മരിയൻ തീർഥാടന കേന്ദ്രമായ നാകപ്പുഴ സെന്റ് മേരീസ് പള്ളിയിൽനിന്നു ഹിഡുംബൻ മലയിലേക്ക് കുരിശിന്റെ വഴി നടത്തി. രാവിലെ ആറിന് നടന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം ഫാ. പോൾ നെടുന്പുറത്തിന്റെ പ്രാരംഭ പ്രാർഥനയോടെയായിരുന്നു കുരിശിന്റെ വഴിക്ക് തുടക്കം കുറിച്ചത്. സഹവികാരി ഫാ.പോൾ വാലംപാറയ്ക്കൽ നേതൃത്വം നൽകി. കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളിലൂടെ പ്രാർഥനാമന്ത്രങ്ങൾ ഉരുവിട്ടാണ് മലമുകളിൽ എത്തിയത്. തുടർന്നു സമാപന ആശീർവാദവും നേർച്ചക്കഞ്ഞി വിതരണവും ഉണ്ടായിരുന്നു.