നഗരത്തിൽ സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ
1542276
Sunday, April 13, 2025 5:26 AM IST
തൊടുപുഴ: നഗരത്തിൽ സ്വകാര്യബസുകളുടെ അമിതവേഗം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തിരക്കേറിയ നഗരവീഥികളിലൂടെ മറ്റു വാഹന യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയിലാണ് ഇവരുടെ പരക്കംപാച്ചിൽ. അമിത ശബ്ദത്തിൽ ഹോണ്‍ മുഴക്കുക, ഹെഡ് ലൈറ്റുകൾ തെളിക്കുക തുടങ്ങിയവ ചില സ്വകാര്യ ബസ് ഡ്രൈവർമാരുടെ പതിവുപരിപാടികളാണ്.
പിന്നിൽനിന്ന് ഇവരുടെ അമിതവേഗവും വലിയ ശബ്ദവും മൂലം ചെറുവാഹന ഡ്രൈവർമാർ ആശങ്കയിലാവുകയും അപകടം ഉണ്ടാവുകയും ചെയ്യുന്നതും പതിവാണ്. മുന്നിലുള്ള വാഹനങ്ങളെ മറികടക്കാൻ സ്ഥലം ഇല്ലെങ്കിലും ചില സ്വകാര്യ ബസ് ഡ്രൈവർമാർ നിയമം കാറ്റിൽപ്പറത്തി മറികടക്കാൻ ശ്രമിക്കുകയും അപകടം ഉണ്ടാവുകയും ചെയ്യുന്നു.
ശനിയാഴ്ച ഉച്ചയോടെ തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസ് ജംഗ്ഷനിൽ ട്രാഫിക് റൗണ്ടിൽ കാറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടമുണ്ടായി. റൗണ്ടിന് സമീപമുള്ള ഡിവൈഡർ ശ്രദ്ധിക്കാതെ ബസ് മുന്നോട്ട് എടുത്തതാണ് അപകട കാരണം. എന്നാൽ കുറ്റം കാർ ഡ്രൈവറുടെ മേൽ ആരോപിച്ച് സംഘടിതരായ സ്വകാര്യ ബസ് ജീവനക്കാർ ഇയാളെ ഭീഷണിപ്പെടുത്തുകയായിരുന്നു. അപകടം സംഭവിച്ചിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
കാഞ്ഞിരമറ്റത്തെ ട്രാഫിക് റൗണ്ടിൽ പലപ്പോഴും സ്വകാര്യ ബസുകൾ അമിതവേഗത്തിലാണ് പായുന്നത്. നാലു റോഡുകൾ സംഗമിക്കുന്ന ഇവിടെ ഏറെ ശ്രദ്ധയോടെ വാഹനം ഓടിച്ചില്ലെങ്കിൽ അപകടം ഉണ്ടാകുമെന്നുറപ്പാണ്.
പലപ്പോഴും ഇവിടെ വാഹനങ്ങൾ ഇടിച്ച് അപകടം ഉണ്ടാകാറുമുണ്ട്. എന്നാൽ അപകടം ഒഴിവാക്കാൻ മുന്നറിയിപ്പു സംവിധാനങ്ങളോ ട്രാഫിക് പോലീസിന്റെ സേവനമോ ഇവിടെ ഏർപ്പെടുത്തിയിട്ടില്ല.