തട്ടിപ്പിനെതിരേ നടപടി വേണം: മർച്ചന്റ്സ് അസോസിയേഷൻ
1541557
Friday, April 11, 2025 12:01 AM IST
തൊടുപുഴ: നഗരത്തിലും പരിസരപ്രദേശങ്ങളും ഹണി ട്രാപ് മോഡൽ തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കടയിലെത്തി സാധനങ്ങൾ വാങ്ങിയ ശേഷം തുക ചോദിക്കുന്പോൾ സ്ത്രീകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും മറ്റുമാണ് ഇവർ ചെയ്യുന്നത്. ഇതിന് ചില രാഷ്ട്രീയക്കാരുടെ പിൻബലമുണ്ട്. ഇത്തരം തട്ടിപ്പുകളിൽ വ്യാപാരികൾ ശ്രദ്ധിക്കണമെന്ന് അസോസിയേഷൻ മുന്നറിയിപ്പു നൽകി.
കഴിഞ്ഞ ദിവസം തൊടുപുഴയിലെ സ്വർണക്കടയിൽ സമാനരീതിയിലുള്ള സംഭവം ഉണ്ടായി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എസ്പിക്കും പരാതി നൽകാൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് രാജു തരണിയിൽ അധ്യക്ഷത വഹിച്ചു. സി.കെ. നവാസ്, അനിൽ പീടികപ്പറന്പിൽ, നാസർ സൈര, ഷെരീഫ് സർഗം, ജോസ് കളരിക്കൽ, കെ.പി. ശിവദാസ്, ഷിയാസ് എംപീസ്, ലിജോണ്സ് ഹിന്ദുസ്ഥാൻ എന്നിവർ പ്രസംഗിച്ചു.