നാലംഗ കുടുംബത്തിന് നാട് വിടചൊല്ലി
1541869
Friday, April 11, 2025 11:43 PM IST
ഉപ്പുതറ: ഒന്പതേക്കർ എംസി കവലയ്ക്കുസമീപം വീടിനുള്ളിൽ മരിച്ചനിലയിൽ കാണപ്പെട്ട പട്ടത്തന്പലം സജീവ് (36), ഭാര്യ രേഷ്മ(25), മക്കളായ ദേവൻ(5),ദിയ(4) എന്നിവർക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
വ്യാഴാഴ്ച വൈകുന്നേരം നാലോടെയാണ് നാടിനെ നടുക്കിയ സംഭവം. നാലുപേരെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാന്പത്തിക ബാധ്യതയെ തുടർന്നു മക്കളെ കൊലപ്പെടുത്തിയ ശേഷം ദന്പതികൾ ജീവനൊടുക്കുകയായിരുന്നുവെന്നാണ് നിഗമനം.
ഇതുസംബന്ധിച്ചുള്ള ആത്മഹത്യാക്കുറിപ്പ് പോലീസിനു ലഭിച്ചിരുന്നു. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകുന്നേരം അഞ്ചോടെയാണ് മൃതദേഹങ്ങൾ വീട്ടിലെത്തിച്ചത്.
ആദ്യം ദിയയുടെയും പിന്നീട് ദേവന്റെയും മൃതദേഹമാണ് കൊണ്ടുവന്നത്. പിന്നീടാണ് സജീവിന്റെയും രേഷ്മയുടെയും മൃതദേഹങ്ങൾ എത്തിച്ചത്.
ഇതോടെ വീട്ടിൽ വികാരനിർഭരമായ രംഗങ്ങളാണ് അരങ്ങേറിയത്. വീടിനോടു ചേർന്ന് അടുത്തടുത്തായി നാലുപേർക്കും ചിതയൊരുക്കുകയായിരുന്നു. വൈകുന്നേരം ആറോടെ സംസ്കാരം നടത്തി.
അന്തിമോപചാരമർപ്പിക്കാൻ നാട്ടുകാർക്കും ബന്ധുക്കൾക്കും പുറമെ പൊതുപ്രവർത്തകരും എത്തിയിരുന്നു. വാഴൂർ സോമൻ എംഎൽഎ, ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ്, കെ.ജെ. ജയിംസ്, ജില്ലാപഞ്ചായത്തംഗം ആശആന്റണി, സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, കോണ്ഗ്രസ് നേതാക്കളായ വി.ടി. ഷാൽ, വി. കെ. കുഞ്ഞുമോൻ ബിജെപി നേതാക്കളായ സന്തോഷ് കൃഷ്ണൻ, ജയിംസ് ജോസഫ് തുടങ്ങിയവരും വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.