അമൂല്യമാണ് ജീവൻ, ആത്മഹത്യ ഒന്നിനും പരിഹാരമല്ല; അഞ്ചു വർഷത്തിനിടെ ജീവിതം അവസാനിപ്പിച്ചത് 2204 പേർ
1542277
Sunday, April 13, 2025 5:26 AM IST
തൊടുപുഴ: പ്രതിസന്ധികൾ നേരിടുന്നതോടെ നിരാശയിലാണ്ട് ജീവിതം അവസാനിപ്പിക്കുന്നവരുടെ എണ്ണം ജില്ലയിൽ കൂടുന്നതായി കണക്കുകൾ. ജില്ലയിൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം അഞ്ചു വർഷത്തിനിടെ 2204 പേരാണ് ജില്ലയിൽ വിവിധ കാരണങ്ങളാൽ ജീവനൊടുക്കിയത്. 2020 ജനുവരി മുതൽ 2025 മാർച്ച് വരെയുള്ള കണക്കാണിത്.
കടബാധ്യതയെത്തുടർന്ന് ഉപ്പുതറയിൽ പിഞ്ചുകുട്ടികൾ ഉൾപ്പെടെ നാലംഗ കുടുബം ജീവനൊടുക്കിയത് കഴിഞ്ഞ ദിവസമാണ്. ജീവിതം അവസാനിപ്പിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബോധവത്കരണവും മറ്റും വേണമെന്ന ആവശ്യവും ശക്തിപ്പെട്ടിട്ടുണ്ട്.
2017-ൽ 319 ആത്മഹത്യകളാണ് ജില്ലയിൽ നടന്നത്. 2018-ൽ ഇത് 379 ആയി ഉയർന്നു. 2020 ഓടെ എണ്ണം പിന്നെയും കൂടി വന്നു. കുടുംബപ്രശ്നങ്ങൾ, കട ബാധ്യത, മാറാരോഗങ്ങൾ, ലഹരി, സൈബർ രംഗത്തെ ചൂഷണങ്ങൾ, മാനസിക പ്രശ്നങ്ങൾ തുടങ്ങിയവയാണ് ആത്മഹത്യക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
വർഷങ്ങൾക്ക് മുൻപ് ജില്ലയിൽ കർഷക ആത്മഹത്യകൾ മാത്രമാണ് കൂടുതലായി കേട്ടിരുന്നത്. എന്നാൽ അതു മാറി ഇപ്പോൾ സാന്പത്തിക പ്രയാസങ്ങളും കുടുംബപ്രശ്നങ്ങളും മൂലമുള്ള ആത്മഹത്യകൾ കൂടിയതായി കണക്കുകൾ വ്യക്തമാക്കുന്നു. കുടുംബങ്ങളിൽനിന്നും സമൂഹത്തിൽനിന്നുമുള്ള ഒറ്റപ്പെടുത്തലും ഇതേത്തുടർന്നുണ്ടാകുന്ന മാനസിക പ്രശ്നങ്ങളും പ്രധാനമായി ആത്മഹത്യക്ക് കാരണമാകുന്നതായും വിദഗ്ധർ പറയുന്നു. ജീവനൊടുക്കുന്നവരിൽ മുന്നിൽ പുരുഷൻമാരാണ്. അടുത്തിടെ യുവാക്കളിലും വിദ്യാർഥികൾക്കിടയിലും ആത്മഹത്യാപ്രവണത ഏറി വരുന്നതായി ആരോഗ്യവകുപ്പ് അധികൃതരും ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉപ്പുതറ ഒൻപതേക്കർ പട്ടത്തന്പലം മോഹനന്റെ മകൻ സജീവ്, (34 , ഭാര്യ രേഷ്മ (30) മകൻ ദേവൻ (5), ദിവ്യ (3) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. കടബാധ്യതയാണ് കൂട്ടത്തോടെ ജീവനൊടുക്കാനുള്ള കാരണം. പ്രതിസന്ധികളെ തരണം ചെയ്യാനും ദുരിതങ്ങൾ അനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാനും സമൂഹം കൂടുതൽ ജാഗ്രത പാലിക്കണമെന്ന സന്ദേശമാണ് ഈ മരണങ്ങൾ നൽകുന്നത്.
അഞ്ചു വർഷത്തിനിടെ ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ ജീവനൊടുക്കിയത് അടിമാലിയിലാണ്. 151 പേരാണ് ഇവിടെ ജീവിതം അവസാനിപ്പിച്ചത്.
നെടുങ്കണ്ടം - 146, തൊടുപുഴ -140, കുമളി -131, മുട്ടം -28, പീരുമേട് -76, പെരുവന്താനം - 35, രാജാക്കാട് -96, ശാന്തൻപാറ - 108, തങ്കമണി - 54, ഉടുന്പൻചോല -77, ഉപ്പുതറ- 99, വാഗമണ് - 42, വണ്ടൻമേട്- 89, വണ്ടിപെരിയാർ - 71, വെള്ളത്തൂവൽ-103, കന്പംമെട്ട് - 49, ദേവികുളം -32, ഇടുക്കി - 53, കാളിയാർ - 49,കഞ്ഞിക്കുഴി -75, കരിമണൽ - 4, കരിമണ്ണൂർ -64, കരിങ്കുന്നം -33, കട്ടപ്പന - 128, കുളമാവ് -14, മറയൂർ -41, മൂന്നാർ - 90, മുരിക്കാശേരി -42 എന്നിങ്ങനെയാണ് വിവിധ പ്രദേശങ്ങളിൽ ജീവനൊടുക്കിയവരുടെ എണ്ണം.