ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ; ഡിഎംഒ റിപ്പോർട്ട് തേടി
1542278
Sunday, April 13, 2025 5:26 AM IST
തൊടുപുഴ: ജില്ലാ ആശുപത്രിയിൽ ഗുരുതര ചികിൽസാപ്പിഴവുണ്ടായ സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് തേടി. ഡോക്ടർമാരുടെയും സർജന്റെയും ചികിത്സാപ്പിഴവ് മൂലം കാലിലുണ്ടായ മുറിവിനുള്ളിൽ ലോഹക്കഷണവുമായി യുവാവിന് രണ്ടാഴ്ചയോളം ദുരിതം അനുഭവിക്കേണ്ടി വന്ന സംഭവത്തിലാണ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സുരേഷ് വർഗീസ് ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഇതു ലഭിച്ചതിനു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇടവെട്ടി സ്വദേശി വടക്കേചെറുകോട്ടിൽ മുഹമ്മദ് ഹാജയാണ് ജില്ലാ ആശുപത്രിയിൽ മുറിവിനു ചികിത്സ തേടിയെത്തി ദുരിതത്തിലായത്. മാർച്ച് 29ന് ജോലി സ്ഥലത്തു വച്ചാണ് മുഹമ്മദ് ഹാജയുടെ കാലിൽ ഗ്രൈൻഡർ കൊണ്ട് മുറിവുണ്ടായത്.
ഉടൻ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടി. ആഴത്തിലുള്ള മുറിവായതിനാൽ ഞരന്പ് മുറിഞ്ഞിട്ടുണ്ടോയെന്ന് അറിയാനായി ഡോക്ടറുടെ നിർദ്ദേശ പ്രകാരം എക്സ് റേ എടുത്ത് പരിശോധിക്കുകയും ചെയ്തു. തുടർന്ന് മുറിവിൽ തുന്നലിട്ട് ഒന്നിടവിട്ട ദിവസങ്ങളിൽ ആശുപത്രിയിൽ വന്ന് മരുന്ന് വച്ച് ഡ്രസ് ചെയ്യണമെന്നും നിർദ്ദേശിച്ചു. ഇതനുസരിച്ച് ഏപ്രിൽ ഒന്നിന് ആശുപത്രിയിലെത്തി.
എന്നാൽ പഴുപ്പ് കുറയാത്തതിനാൽ രണ്ടിന് വീണ്ടുമെത്തി ഡോക്ടറെ കണ്ട് വിവരം പറഞ്ഞു. ഡോക്ടർ സർജന്റെ അടുത്തേയ്ക്ക് പറഞ്ഞയച്ചു. പരിശോധന നടത്തി സർജൻ തുടർന്നുള്ള എല്ലാ ദിവസവും മുറിവിൽ മരുന്ന് വച്ച് ഡ്രസ് ചെയ്യാൻ നിർദേശിച്ച് മടക്കി. സർജന്റെ നിർദേശപ്രകാരം പിന്നീടുള്ള ദിവസങ്ങളിൽ ജില്ലാ ആശുപത്രിയിലെത്തി മരുന്ന് വച്ചെങ്കിലും പഴുപ്പ് കുറഞ്ഞില്ല.
ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ തുന്നൽ നീക്കാൻ നിർദ്ദേശിച്ചു. ഇതിന് ശേഷവും പഴുപ്പും വേദനയും കുറയുകയോ കാൽ നിലത്ത് കുത്താനോ പറ്റാത്ത സ്ഥിതി തുടർന്നു.
ഇതോടെ കഴിഞ്ഞ ദിവസം ഇടവെട്ടിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറെ കണ്ടു.
ഇവിടുത്തെ ഡോക്ടർ നടത്തിയ പരിശോധനയിൽ കാലിലെ മുറിവിനുള്ളിൽ അപകടത്തിനിടയാക്കിയ ഗ്രൈൻഡറിന്റെ ഒരു ലോഹക്കഷണം തറഞ്ഞിരിക്കുന്നതായി കണ്ടെത്തി. അതു നീക്കം ചെയ്ത് മരുന്ന് വച്ചപ്പോഴാണ് വേദനയ്ക്ക് ആശ്വാസമായതെന്ന് മുഹമ്മദ് ഹാജ പറഞ്ഞു.
സംഭവത്തിൽ ആദ്യം ചികിത്സിച്ച ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കും സർജനും ഡ്രസിംഗ് നടത്തിയ നഴ്സുമാർക്കുമെതിരേ ആശുപത്രി സൂപ്രണ്ടിന് മുഹമ്മദ് ഹാജ പരാതി നൽകി.
സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.