ബഫർ സോണ്‍ ; അനാവശ്യ ഭീതി പടർത്തരുത്: മന്ത്രി റോഷി
1541559
Friday, April 11, 2025 12:01 AM IST
ഇടുക്കി: ബഫർ സോണ്‍ വിഷയത്തിൽ ജില്ലയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആശങ്കയിലാഴ്ത്താനാണ് ചിലർ ശ്രമിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
ജനങ്ങളുടെ ആശങ്ക മനസിലാക്കി ജലവിഭവ വകുപ്പ് ഡാമുകളുടെ ചുറ്റും ബഫർ സോണ്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇതോടെ പഴയ ഉത്തരവ് പൂർണമായും ഇല്ലാതായി. ഇപ്പോൾ ഡാമിന്റെ ചുറ്റുമുള്ള സ്വകാര്യ ഭൂമിയിൽ ഒരു തരത്തിലുമുള്ള നിർമാണ നിയന്ത്രണങ്ങൾ ഇല്ലെന്നു മന്ത്രി പറഞ്ഞു.
എന്നാൽ ഇതു മറച്ചുവച്ച് പഴയ ഉത്തരവ് റദ്ദാക്കിയില്ലെന്നും ബഫർ സോണ്‍ ഇപ്പോഴും നിലവിൽ ഉണ്ടെന്നും കെഎസ്ഇബിയുടെ ഡാമുകളിലേക്കുകൂടി ഇതു വ്യാപിപ്പിക്കാൻ സർക്കാർ തയാറെടുക്കുകയാണ്. വ്യാജ പ്രചാരണം അഴിച്ചുവിടുന്നത് ജനങ്ങളെ ആശങ്കപ്പെടുത്താനാണ്.
ഇത്തരമൊരു പ്രചാരണം ജനങ്ങൾ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു. കെഎസ്ഇബിയുടെ ഡാമുകളുടെ ചുറ്റും ബഫർ സോണ്‍ പ്രഖ്യാപിക്കാൻ നീക്കമില്ലെന്ന് വൈദ്യുതി മന്ത്രിയുടെ ഓഫീസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കാര്യം വൈദ്യുതി മന്ത്രിയുമായി നേരിൽ സംസാരിക്കുകയും അത്തരമൊരു നീക്കവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിൽ വ്യക്തിപരമായ താത്പര്യങ്ങൾ മാത്രം മുന്നിൽക്കണ്ടാണ് ചിലർ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നതെന്നും മന്ത്രി പറഞ്ഞു.
മറുപടി പറയേണ്ടത്
വൈദ്യുതി മന്ത്രി: ബിജോ മാണി
ഇടുക്കി: കെഎസ്ഇബിയുടെ ഡാമുകളിൽ രണ്ട് കാറ്റഗറികളായി തിരിച്ച് നിർമാണപ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയത് വൈദ്യുതി മന്ത്രിയാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി പറഞ്ഞു.
ഇനി ബഫർ സോണ്‍ നടപ്പാക്കുന്ന കാര്യം പരിഗണനയിൽ ഇല്ലെങ്കിൽ അത് വ്യക്തമാക്കേണ്ടത് വൈദ്യുതി മന്ത്രിയാണ്. അല്ലാതെ മന്ത്രിയുടെ ഓഫീസോ ജലവിഭവവകുപ്പ് മന്ത്രിയോ അല്ല.