ബഫർ സോണ്‍: കെഎസ്ഇബി പിന്മാറണമെന്ന് ബിജോ മാണി
1541256
Thursday, April 10, 2025 12:00 AM IST
തൊടുപുഴ: ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡാമുകൾക്ക് ചുറ്റും ബഫർസോണ്‍ പ്രഖ്യാപിക്കാനുള്ള ഉത്തരവിനു പിന്നാലെ ഇപ്പോൾ വൈദ്യുതി ബോർഡിന്റെ ഡാമുകളിലേക്കും നിയന്ത്രണം വ്യാപിപ്പിക്കാനുള്ള നീക്കം നടത്തുകയാണെന്നും ആയിരക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന തീരുമാനത്തിൽനിന്നു പിന്തിരിയണമെന്നും ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇടുക്കി ജല വൈദ്യുത പദ്ധതി ഉൾപ്പെടെ വൈദ്യുതി ബോർഡിന് ഏറ്റവുമധികം ഡാമുകളുള്ളത് ഇടുക്കിയിലായതിനാൽ ജില്ലയിലെ സാധാരണ കർഷകരെ ഇത് ഗുരുതരമായി ബാധിക്കും. കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ തുടങ്ങി മൂന്നു ചെയിൻ മേഖലയിലും കല്ലാർകുട്ടി ഡാമിന്റെ 10 ചെയിൻ മേഖലയിലും ഇതോടെ പട്ടയം നൽകാനും കഴിയില്ല.
മന്ത്രി റോഷി അഗസ്റ്റിൻ മാത്രമാണ് ഈ ജനദ്രോഹ ഉത്തരവിന് പൂർണ ഉത്തരവാദിയെന്നും ബിജോ മാണി ആരോപിച്ചു. ജലവിഭവ വകുപ്പിന്റെ ജനദ്രോഹ ഉത്തരവ് ചൂണ്ടിക്കാണിച്ച അവസരത്തിൽ തന്നെ വൈദ്യുതി വകുപ്പും ഇത്തരത്തിൽ നീങ്ങുമെന്ന അപകടം വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ ബഫർ സോണിന്റെ പരിധിയിലാക്കുന്ന കെഎസ്ഇബിയുടെ ജണ്ടയ്ക്ക് പുറത്തുള്ള സ്ഥലം വൈദ്യുതി ബോർഡിന് ആവശ്യമില്ലെന്ന് 1974ൽ അന്നത്തെ വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ ഇട്ടി ഡാർവിൻ തീരുമാനിച്ചിരുന്നു. 2017ൽ ഇടുക്കി പത്ത് ചെയിൻ മേഖലയിൽ പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിൽ വൈദ്യുതി ബോർഡിന്റെ നിയന്ത്രണത്തിലുള്ള 61 ഡാമുകളിൽ 24 എണ്ണവും ജില്ലയിലാണ്. ഇരട്ടയാർ, പാന്പാടുംപാറ, നെടുങ്കണ്ടം, രാജാക്കാട്, ശാന്തന്‍പാറ, ചിന്നക്കനാൽ, കൊന്നത്തടി, അടിമാലി, വെള്ളത്തൂവൽ, പള്ളിവാസൽ, ബൈസണ്‍വാലി, മൂന്നാർ, മാട്ടുപ്പെട്ടി, കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ, മരിയാപുരം, വാഴത്തോപ്പ്, കാമാക്ഷി, കഞ്ഞിക്കുഴി, വാത്തിക്കുടി, അറക്കുളം, മാങ്കുളം, പീരുമേട് എന്നീ 24 പഞ്ചായത്തുകളെയും കട്ടപ്പന നഗരസഭയെയും ഈ ഉത്തരവ് പ്രതികൂലമായി ബാധിക്കും.
അതിനാൽ ബഫർ സോണ്‍ ഉത്തരവ് നടപ്പാക്കാനുള്ള വൈദ്യുതി വകുപ്പിന്റെ നീക്കത്തിൽനിന്നു പിൻമാറണമെന്നും അല്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ബിജോ മാണി പറഞ്ഞു. പത്ര സമ്മേളനത്തിൽ ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹൻ, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബ്, മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു എന്നിവർ പങ്കെടുത്തു.