സാബുവിന്റെ മരണം: പോലീസ് മേധാവിക്ക് പരാതി നൽകാൻ മനുഷ്യാവകാശ കമ്മീഷൻ നിർദേശം
1542275
Sunday, April 13, 2025 5:26 AM IST
തൊടുപുഴ: കട്ടപ്പനയിലെ സഹകരണസംഘത്തിനു മുന്നിൽ നിക്ഷേപകനായ കട്ടപ്പന മുളങ്ങാശേരിൽ സാബു തോമസ് ജീവനൊടുക്കിയ സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മേരിക്കുട്ടി. കട്ടപ്പന റൂറൽ ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ സാബു ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യ മേരിക്കുട്ടി മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു.
വെള്ളിയാഴ്ച തൊടുപുഴയിൽ നടന്ന സിറ്റിംഗിൽ പരാതി പരിഗണിക്കവേയാണ് പുനരന്വേഷമെന്ന ആവശ്യം മേരിക്കുട്ടി ഉന്നയിച്ചത്.
പോലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നും യഥാർഥ പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്നും സിറ്റിംഗിൽ കമ്മീഷനു മുന്പാകെ മേരിക്കുട്ടി പറഞ്ഞു. ഇതോടെ ജില്ലാ പോലീസ് മേധാവിക്ക് പുനരന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകാൻ മേരിക്കുട്ടിയോട് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു.
പുനരന്വേഷണം കുറ്റമറ്റരീതിയിൽ നടത്താൻ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകുമെന്നും കമ്മീഷൻ അറിയിച്ചു.
കേസിൽ കഴിഞ്ഞ ദിവസം പോലീസ് കട്ടപ്പന കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. സംഘം സെക്രട്ടറി റെജി ഏബ്രഹാം, സീനിയർ ക്ലർക്ക് സുജാമോൾ ജോസ്, ജൂണിയർ ക്ലർക്ക് ബിനോയി തോമസ് എന്നിവരെയാണ് പോലീസ് പ്രതിയാക്കിയിരിക്കുന്നത്.
എന്നാൽ ആത്മഹത്യാപ്രേരണയ്ക്ക് സംഘം മുൻ പ്രസിഡന്റും സിപിഎം ജില്ലാകമ്മിറ്റിയംഗവുമായ വി.ആർ. സജിക്കെതിരേയും കേസെടുക്കണമെന്നും മേരിക്കുട്ടി കമ്മീഷന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. സംഘത്തിലെ സാബുവിന്റെ ഇടപാടുകൾ സംബന്ധിച്ച സ്റ്റേറ്റ്മെന്റുകൾ ആവശ്യപ്പെട്ടിട്ടും തരാൻ അധികൃതർ തയാറായിട്ടില്ലെന്നും ഇവർ കമ്മീഷനെ അറിയിച്ചു.
കഴിഞ്ഞ ഡിസംബർ 20നാണ് സാബു സൊസൈറ്റിക്ക് മുന്നിൽ ആത്മഹത്യ ചെയ്തത്. പ്രതിഷേധം ശക്തമായതോടെ ജില്ലാ പോലീസ് മേധാവി ഇടപെട്ട് ഡിവൈഎസ്പിയും രണ്ട് സിഐമാരും രണ്ട് എസ്ഐമാരും അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
സംഘം ജീവനക്കാരായ പ്രതികൾ മുൻകൂർ ജാമ്യം നേടിയതിനാൽ ഇവരെ അറസ്റ്റ് ചെയ്തില്ല. സംഘത്തിൽനിന്ന് ഇവരെ സസ്പെൻഡ് ചെയ്തെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ജോലിയിൽ പ്രവേശിപ്പിച്ചിരുന്നു.