മുതിർന്നവർക്ക് താങ്ങായി ജില്ലയിൽ തണൽ പദ്ധതി
1541255
Thursday, April 10, 2025 12:00 AM IST
ഇടുക്കി: ജില്ലയിലെ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പുതിയ പദ്ധതി ആരംഭിക്കുന്നു. തണൽ എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതി ഇടുക്കി സബ് കളക്ടർ അനൂപ് ഗർഗിന്റെ നേതൃത്വത്തിലാണ് ഏകോപിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി മുതിർന്നവർക്ക് സഹായം നല്കാൻ സന്നദ്ധതയുള്ള വോളണ്ടിയർമാരെ തൊടുപുഴ, ഇടുക്കി, പീരുമേട് താലൂക്കുകളിൽനിന്നു തെരഞ്ഞെടുക്കുമെന്ന് സബ് കളക്ടർ അറിയിച്ചു.
2007-ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലന, ക്ഷേമ നിയമപ്രകാരം മുതിർന്നവർക്ക് അർഹമായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് രേഖാമൂലം നിർദേശം നൽകിയാലും പലപ്പോഴും പാലിക്കപ്പെടുന്നതായി കാണാറില്ലെന്ന് അധികൃതർ പറഞ്ഞു. പ്രായാധിക്യവും അജ്ഞതയും രോഗാവസ്ഥയും മൂലം മുതിർന്നവർ പലപ്പോഴും പരാതിപ്പെടാറുമില്ല. ഇങ്ങനെയുള്ളവർക്ക് വേണ്ട സഹായം നല്കുന്നതിനാണ് വോളണ്ടിയർമാരെ നിയോഗിക്കുന്നത്.
അൽപനേരം ഇവരുമായി സംസാരിച്ചാൽ മുതിർന്നവരിൽ പലർക്കും വലിയ ആശ്വാസമായിരിക്കും ലഭിക്കുകയെന്ന് സബ് കളക്ടർ പറഞ്ഞു.
നേരിട്ട് സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഫോണിൽ വിളിച്ച് ഇവരുമായി ആശയവിനിമയം നടത്തും. അവരുടെ വാക്കുകൾ അൽപനേരം കേട്ടിരുന്നാൽ തന്നെ അവരുടെ ജീവിതം കൂടുതൽ ഉൗഷ്മളമാകും. ഇത്തരത്തിൽ മുതിർന്നവരുമായി ഇടപഴകി അവർക്ക് ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ഓർമപ്പെടുത്തുന്നത് വോളണ്ടിയർമാരുടെ ചുമതലയാണ്.
ഇതിനു പുറമേ ട്രൈബ്യൂണൽ ഉത്തരവുകളുടെ നടത്തിപ്പ് നിരീക്ഷിച്ച് പ്രതിമാസ റിപ്പോർട്ട് തയാറാക്കുന്നതും വോളന്റിയർമാരുടെ പ്രധാന ചുമതലയാകും. വോളണ്ടിയറാകാൻ താത്പര്യമുള്ളവർ [email protected]എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടണമെന്ന് സബ് കളക്ടർ അറിയിച്ചു. ഫോണ്: 8547615005.