മാലിന്യമുക്ത ബോർഡ് അപകടക്കെണിയോ?
1541254
Thursday, April 10, 2025 12:00 AM IST
കുടയത്തൂർ: വാഹനങ്ങൾക്ക് തടസം സൃഷ്ടിച്ച് പഞ്ചായത്തിന്റെ പരസ്യ ബോർഡ്. തൊടുപുഴ-മൂലമറ്റം സംസ്ഥാന പാതയിൽ ശങ്കരപ്പിള്ളി ജംഗ്ഷനു സമീപം കുടയത്തൂർ പഞ്ചായത്ത് അധികൃതർ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡ് ഗതാഗത തടസം ഉണ്ടാക്കുന്നു. ശങ്കരപ്പിള്ളി ജംഗ്ഷനു സമീപമുള്ള പാലത്തോട് ചേർന്ന് റോഡിലേക്ക് തള്ളിനിൽക്കുന്ന വിധമാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
മൂലമറ്റം ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ ഈ ബോർഡിൽ തട്ടാനുള്ള സാധ്യത ഏറെയാണ്. പാലത്തോട് ചേർന്നുള്ള വളവു തിരിഞ്ഞുവരുന്ന വാഹനങ്ങൾക്ക് ബോർഡ് തടസമായിട്ടാണ് നിൽക്കുന്നത്.
മാലിന്യമുക്ത പഞ്ചായത്തിലേക്ക് സ്വാഗതം എന്ന് സൂചിപ്പിച്ചാണ് കുടയത്തൂർ പഞ്ചായത്ത് അധികൃതർ ബോർഡ് വച്ചത്.
രണ്ടു വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കേണ്ടി വന്നാൽ ഈ ബോർഡിൽ തട്ടി അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.