ഇഎസ്ഐ ആശുപത്രി ഭൂമി കാടുകയറി നശിക്കുന്നു
1541253
Thursday, April 10, 2025 12:00 AM IST
കട്ടപ്പന: വാഴവര വാകപ്പടിയിൽ ഇഎസ്ഐ ആശുപത്രി നിർമിക്കാനായി മാറ്റിയിട്ടിരിക്കുന്ന ഭൂമി കാടുകയറി നശിക്കുന്നു.
ഇവിടെ വന്യമൃഗ ശല്യം അടക്കം രൂക്ഷമായതോടെ വലിയ ഭീഷണിയിലാണ് പ്രദേശവാസികൾ. പദ്ധതിക്കായി അനുവദിച്ച കേന്ദ്രസർക്കാർ ഫണ്ട് നഷ്ടപ്പെടുത്താനാണ് എംപിയും സംസ്ഥാന സർക്കാരും ശ്രമിക്കുന്നതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. ആശുപത്രിക്കായി വാഴവര വാകപ്പടിയിൽ നഗരസഭ മാറ്റിയിട്ടിരിക്കുന്ന അഞ്ചേക്കർ സ്ഥലമാണ് കാടുകയറി നശിക്കുന്നത്. ഇവിടെ കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ആവാസകേന്ദ്രമായിരിക്കുകയാണ്. സ്ഥലത്തിന് സമീപമുള്ള കുടിവെള്ള പദ്ധതിയിൽനിന്നു വെള്ളമെടുക്കാൻപോലും കഴിയാത്ത അവസ്ഥയാണെന്നും പരാതിയുണ്ട്.
22 വർഷമായി സ്ഥലം ഇത്തരത്തിൽ കാടുകയറി കിടക്കുകയാണ്. നാളിതുവരെയായി നഗരസഭ പദ്ധതി നടപ്പിലാക്കുന്നതിന് യാതൊരുവിധ ഇടപെടലും നടത്തിയിട്ടില്ല.