ക്വട്ടേഷൻ കൊലപാതകം: തെളിവെടുപ്പ് നടത്തി
1541250
Thursday, April 10, 2025 12:00 AM IST
തൊടുപുഴ: സാന്പത്തിക തർക്കത്തെത്തുടർന്ന് മുൻ ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തി മാൻഹോളിൽ തള്ളിയ കേസിൽ പ്രതികളുമായി വീണ്ടും പോലീസ് തെളിവെടുപ്പു നടത്തി. കേസിലെ ഒന്നാം പ്രതി കലയന്താനി സ്വദേശി ജോമോൻ, മൂന്നാം പ്രതി മുഹമ്മദ് അസ്ലം എന്നിവരെയാണ് എസ്ഐ എൻ.എസ്. റോയിയുടെ നേതൃത്വത്തിൽ ഇന്നലെ എറണാകുളത്തെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ചൊവ്വാഴ്ചയാണ് ഇവരെ തൊടുപുഴ മജിസ്ട്രേറ്റ് കോടതി അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.
കൊല്ലപ്പെട്ട തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോകാനായി ഗൂഢാലോചന നടത്തിയ സ്ഥലങ്ങളിലാണ് ഇന്നലെ പ്രതികളെ എത്തിച്ചത്. ഞാറയ്ക്കൽ, എറണാകുളം സൗത്ത് എന്നിവിടങ്ങളിലാണ് പ്രതികൾ ഒത്തു കൂടി പദ്ധതി തയാറാക്കിയത്. ഇവിടെ പ്രതികളെ എത്തിച്ച് പോലീസ് സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തി. കൊലപാതകത്തിനു ശേഷം ഒന്നാം പ്രതി ജോമോൻ നടത്തിയ ഫോണ് സന്ദേശത്തിന്റെ ആധികാരികത ഇന്നു പോലീസ് പരിശോധിക്കും. ദൃശ്യം നാല് മോഡൽ നടത്തിയെന്നായിരുന്നു കൊലപാതകത്തിന് ശേഷം ജോമോൻ മറ്റ് പലരെയും ഫോണിൽ വിളിച്ച് പറഞ്ഞത്.
ഇതിനിടെ നോട്ടീസ് നൽകിയിട്ടും ജോമോന്റെ ഭാര്യ ചോദ്യം ചെയ്യലിനു ഹാജരായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.