ജ്വല്ലറി ഉടമയിൽനിന്ന് സ്വർണം തട്ടിയ കേസിൽ മൂന്നു പേർക്കെതിരേ കേസ്
1541248
Thursday, April 10, 2025 12:00 AM IST
തൊടുപുഴ: ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെടുത്തെന്ന പരാതിയിൽ മുൻ എംഎൽഎ അടക്കം മൂന്ന് പേർക്കെതിരേ കേസ്. തൊടുപുഴയിലെ ജ്വല്ലറി ഉടമ നൽകിയ പരാതിയിലാണ് മുൻ എംഎൽഎ മാത്യു സ്റ്റീഫൻ, തൊടുപുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജനാധിപത്യ അവകാശ സംരക്ഷണ സമിതി എന്ന സംഘടനയുടെ സംസ്ഥാന വനിത കോ-ഓർഡിനേറ്റർ എറണാകുളം കുറുപ്പംപടി ചിറങ്ങര ജിജി മാത്യു, സംസ്ഥാന പ്രസിഡന്റ് മുതലക്കോടം കുഴിക്കത്തൊട്ടി സുബൈർ എന്നിവരുടെ പേരിൽ പോലീസ് കേസെടുത്തത്. .
കഴിഞ്ഞ ജനുവരി 17ന് ജ്വല്ലറിയുടെ തൊടുപുഴ ഷോറൂമിലെത്തിയ ഇവർ നിർധന കുടുംബത്തിലെ യുവതിയുടെ വിവാഹത്തിന് 1.69 ലക്ഷം രൂപയുടെ സ്വർണം കടമായി ആവശ്യപ്പെട്ടു. മാത്യു സ്റ്റീഫന്റെ ഉറപ്പിേന്മേൽ സ്വർണം നൽകി. ഉറപ്പിനായി രണ്ട് ചെക്ക്ലീഫുകളും നൽകിയിരുന്നു. 30 ദിവസം കഴിഞ്ഞപ്പോൾ ഈ പണം നൽകി ചെക്ക്ലീഫുകൾ തിരികെവാങ്ങി.
പിന്നീട്, പത്ത് ലക്ഷം രൂപയുടെ സ്വർണം വേണമെന്നാവശ്യപ്പെട്ട് ജനുവരി 27ന് ജിജിയും സുബൈറും വീണ്ടുമെത്തി. എന്നാൽ സ്വർണം നൽകാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ജിജി ജ്വല്ലറി ഉടമയുടെ പേരിൽ പരാതി കൊടുക്കുകയായിരുന്നു.
പരാതി പിൻവലിക്കണമെങ്കിൽ പണമോ സ്വർണമോ വേണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ പത്ത് ലക്ഷം രൂപയുടെ സ്വർണം കടമായി നൽകി. എന്നാൽ ഇതിന്റെ പണം ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തുകയായിരുന്നു. തട്ടിപ്പാണെന്ന് മനസിലായ ജ്വല്ലറി ഉടമ പിന്നീട് ഇവർക്കെതിരേ തൊടുപുഴ പോലീസിൽ പരാതി നൽകി. എന്നാൽ നിർധന കുടുംബത്തെ സഹായിക്കാൻ 1,69,000 രൂപയുടെ സ്വർണം താൻ കടമായി വാങ്ങി നൽകിയെന്നല്ലാതെ മറ്റ് കാര്യങ്ങളിൽ തനിക്ക് പങ്കില്ലെന്നും പ്രതികളുമായി ബന്ധമില്ലെന്നും മാത്യു സ്റ്റീഫൻ പറഞ്ഞു.
കഴിഞ്ഞ മാർച്ച് 30ന് പള്ളിക്കത്തോട്ടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ചതിന് ജിജി മാത്യുവും സുബൈറും ഉൾപ്പെടെ നാലുപേർ അറസ്റ്റിലായിരുന്നു. ഈ വിവരം അറിഞ്ഞതോടെയാണ് ജ്വല്ലറി ഉടമ പോലീസിൽ പരാതിപ്പെട്ടത്. കഴിഞ്ഞ അഞ്ചിനാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്. ഈ കേസിൽ റിമാൻഡിലായിരുന്ന സുബൈറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തുവരികയാണെന്നും ജിജി മാത്യുവിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്നും പോലീസ് പറഞ്ഞു.