സർക്കാർ ഭൂമി കൈയേറി നിർമിച്ച റിസോർട്ട് ഒഴിപ്പിച്ചു
1540923
Tuesday, April 8, 2025 11:45 PM IST
തൊടുപുഴ: വാഗമണ്‍ പുള്ളിക്കാനത്ത് സർക്കാർ ഭൂമി കൈയേറി നിർമിച്ച റിസോർട്ട് റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. പുള്ളിക്കാനം ഇടുക്കുപാറ ഭാഗത്താണ് ഒരേക്കർ സർക്കാർ ഭൂമി അനധികൃതമായി കൈയേറി ഗ്രാവിറ്റി മൗണ്ടൻ എന്ന പേരിൽ റിസോർട്ട് നിർമിച്ചത്. വാഗമണ്‍ പുളിന്പറന്പിൽ സി.ആർ. രമ്യയുടെ നേതൃത്വത്തിലാണ് റിസോർട്ട് നിർമിച്ചതെന്ന് റവന്യൂ അധികൃതർ പറഞ്ഞു. കൈയേറ്റം സംബന്ധിച്ച് മൂന്നുവർഷം മുന്‍പ് ജില്ലാ കളക്ടർക്ക് പ്രദേശവാസികളിലൊരാൾ നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്.
ഇന്നലെ രാവിലെ 11ന് തൊടുപുഴ താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ പി.എം. റഷീദ്, ഇലപ്പള്ളി വില്ലേജ് ഓഫീസർ ഏലിയാമ്മ, താലൂക്ക് സർവേയർ കെ.ബി. അനസ് എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ ജീവനക്കാരും കാഞ്ഞാർ പോലീസും സ്ഥലത്തെത്തി. ഈ സമയം റിസോർട്ട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടർന്ന് റിസോർട്ട് സീൽ ചെയ്തശേഷം സർക്കാർ വക വസ്തുവാണെന്നും അതിക്രമിച്ച് കയറുന്നത് ശിക്ഷാർഹമാണെന്നുമുള്ള ബോർഡ് സ്ഥാപിച്ചു.