എന്റെ കേരളം പ്രദർശന വിപണന മേള 29 മുതൽ
1540922
Tuesday, April 8, 2025 11:45 PM IST
ഇടുക്കി: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതലയോഗം 28നും എന്റെ കേരളം പ്രദർശന വിപണന മേള 29 മുതൽ മേയ് അഞ്ചുവരെയും നടക്കും. ഇതുമായി ബന്ധപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗം നെടുങ്കണ്ടം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് 28ന് നടത്തും. സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ, ട്രേഡ് യൂണിയൻ, തൊഴിലാളി പ്രതിനിധികൾ, യുവജനങ്ങൾ, വിദ്യാർഥികൾ, കലാസാംസ്കാരിക, കായികരംഗത്തെ പ്രതിഭകൾ, പ്രഫഷണലുകൾ, വ്യവസായികൾ, പ്രവാസികൾ, പൗരപ്രമുഖർ, സാമുദായിക നേതാക്കൾ തുടങ്ങി അഞ്ഞൂറോളം പേർ പങ്കെടുക്കും.
29 മുതൽ മേയ് അഞ്ചുവരെ വാഴത്തോപ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡി സ്കൂൾ മൈതാനത്ത് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ പ്രദർശന വിപണനമേള സംഘടിപ്പിക്കും.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, എഡിഎം ഷൈജു പി. ജേക്കബ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി.എസ്. വിനോദ്, ജില്ലാതല ഏകോപനസമിതി ചെയർമാൻ സി.വി. വർഗീസ്, ജനറൽ കണ്‍വീനർ കെ. സലിംകുമാർ, ജോസ് പാലത്തിനാൽ, പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ എന്നിവർ പ്രസംഗിച്ചു.