ക്വട്ടേഷൻ കൊലപാതകം ; പ്രതികൾ വീണ്ടും പോലീസ് കസ്റ്റഡിയിൽ
1540921
Tuesday, April 8, 2025 11:45 PM IST
തൊടുപുഴ: സാന്പത്തിക തർക്കത്തെത്തുടർന്ന് മുൻ ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തി മാൻഹോളിൽ തള്ളിയ കേസിൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി അന്വേഷണ സംഘം. മുഖ്യപ്രതി ജോമോനെയും മൂന്നും നാലും പ്രതികളും ക്വട്ടേഷൻ സംഘാംഗളുമായ മുഹമ്മദ് അസ്ലം, ജോമിൻ കുര്യൻ എന്നിവരെയാണ് തൊടുപുഴ മജിസ്ട്രേറ്റ് കോടതി അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.
കൊലപാതകത്തിലെ ഗൂഢാലോചനയെ സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. ജോമോന്റെ ബിസിനസ് പങ്കാളിയായിരുന്ന തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സ്ഥലങ്ങളിൽ ഇന്ന് പ്രതികളെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും.
കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് പരിശോധിയ്ക്കുന്നുണ്ട്. ഇതിനിടെ ജോമോന്റെ ഭാര്യയെ
ചോദ്യംചെയ്യാൻ നോട്ടീസ് നൽകിയെങ്കിലും ഇവർ ഹാജരായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കളുടെ സംരക്ഷണയിലാണ് ഇവരുള്ളതെന്നും വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യുമെന്നും സിഐ എസ്. മഹേഷ്കുമാർ പറഞ്ഞു.
വാനിൽ തട്ടിക്കൊണ്ടു പോയ ബിജു ജോസഫ് ജോമോന്റെ വീട്ടിൽ വച്ചാണ് മരിച്ചതെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. ബിജുവിനെ വീട്ടിലെത്തിച്ചത് ഭാര്യ കണ്ടിട്ടുണ്ടെന്നും മുറിയിലെ രക്തക്കറ ഇവരാണ് കഴുകിക്കളഞ്ഞതെന്നുമാണ് പോലീസിന് ലഭിച്ച വിവരം.