തിരക്കേറി എഴുകുംവയൽ കുരിശുമല തീർഥാടനം
1539014
Wednesday, April 2, 2025 11:48 PM IST
കട്ടപ്പന: എഴുകുംവയൽ കുരിശുമലയിൽ തീർഥാടകരുടെ മലകയറ്റം തുടരുകയാണ്. വലിയ നോന്പിലെ അഞ്ചാമത്തെ വെള്ളിയാഴ്്ചയായ നാളെ രാവിലെ 9.30ന് മലയടിവാരത്തുള്ള ടൗണ്‍ കപ്പേളയിൽനിന്നു മലമുകളിലേക്കുള്ള കുരിശിൻന്റെ വഴി ആരംഭിക്കും.
തുടർന്ന് കുരിശുമലയിലെ തീർഥാടക ദേവാലയത്തിൽ വചനപ്രഘോഷണവും ദിവ്യബലിയും നേർച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും. വൈകുന്നേരം അഞ്ചിനും തീർഥാടക ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. നാളെ കുരിശുമലയിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ.ജോർജ് തുന്പനിരപ്പിൽ, ഫാ. വിനോദ് കാനാട്ട് എന്നിവർ മുഖ്യകാർമികരായിരിക്കും. ഇടുക്കി രൂപത കാൽനട കുരിശുമല തീർഥാടനത്തിന് ഇടുക്കി ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നേൽ നേതൃത്വം നൽകും. ഇടുക്കി രൂപതയുടെ വിവിധ ഇടവകകളിൽനിന്ന് വൈദികരുടെ നേതൃത്വത്തിൽ അരലക്ഷത്തിലധികം വിശ്വാസികൾ അന്ന് കുരിശുമല കയറും.
കുരിശിന്റെ വഴി വാഴത്തോപ്പ് സെന്റ്് ജോർജ് കത്തീഡ്രലിൽനിന്ന് ആരംഭിക്കും.
കൂടാതെ വെള്ളയാംകുടി, നെടുങ്കണ്ടം, തോപ്രാംകുടി, അടിമാലി തുടങ്ങിയ പ്രദേശങ്ങളിൽനിന്നു വൈദികരുടെ നേതൃത്വത്തിൽ കുരിശുമലയിലേക്ക് കാൽനടയായി വിശ്വാസികൾ എത്തും.
ദുഃഖവെള്ളിയാഴ്ച കട്ടപ്പനയിൽനിന്നു രാവിലെ ആറു മുതലും നെടുംകണ്ടത്തുനിന്നു രാവിലെ ഏഴുമുതലും കെഎസ്ആർടിസിയും സ്വകാര്യ ബസുകളും എഴുകുംവയൽ കുരിശുമലയിലേക്ക് സർവീസ് നടത്തും.