പാമ്പാടുംചോല കാഴ്ചയുടെ സ്വര്‍ഗഭൂമി
1539008
Wednesday, April 2, 2025 11:48 PM IST
അടിമാലി: കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമായ ഇടുക്കി ജില്ലയിലെ പാമ്പാടുംചോല, ചുട്ടുപൊള്ളുന്ന വെയിലിലും കുളിരുള്ള കാഴ്ച്ചകളും കാലാവസ്ഥയുമാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്. ഇവിടുത്തെ ചോല വനങ്ങളുടെ വശ്യത ആരേയും ആകര്‍ഷിക്കുന്നതാണ്. മൂന്നാറില്‍നിന്നു 35 കിലോമീറ്റര്‍ ദൂരത്താണ് പാമ്പാടുംചോല ദേശിയോദ്യാനം. മൂന്നാറില്‍നിന്ന് വട്ടവടയിലേക്കുള്ള യാത്ര മധ്യേ പമ്പാടുംചോലയിലെ കാഴ്ചകള്‍ കാണാം.11.75 ചതുരശ്രയടി മാത്രം വിസ്തീര്‍ണമുള്ള സംസ്ഥാനത്തെ ഏറ്റവും ചെറിയ ദേശീയോദ്യാനം കൂടിയാണിത്.
വംശനാശം സംഭവിക്കുന്ന സസ്യങ്ങളെയും ജീവികളെയും പ്രത്യേകം സംരക്ഷിക്കുന്ന ഇടമാണിത്. കൊടുംവേനലിലും പാമ്പാടുംചോലയിലെ പുലര്കാലങ്ങളില് മഞ്ഞുപറക്കും. അതിസുന്ദര കാഴ്ചകള്‍ക്കൊപ്പം കിളികള്‍ തലങ്ങും വിലങ്ങും ചിലച്ചു പായും. പല നിറങ്ങളുള്ള ചോലയിലെ ഇലകളിലേക്കും മരങ്ങളിലേക്കും അരിച്ചിറങ്ങുന്ന സൂര്യപ്രകാശത്തിന്റെ കാഴ്ച്ച വര്‍ണനാതീതമാണ്. പ്രകൃതിയോടിണങ്ങി പഠിക്കാനും കാഴ്ചക്കാരനാകാനുമുള്ള അവസരം ഇവിടെ സഞ്ചാരികള്‍ക്കായി വനം വകുപ്പ് ഒരുക്കുന്നുണ്ട്.
ഞാവല്‍, എടന്ന, കരിമരം, വെട്ടി, മെഴുകുനാറി, കാട്ടുവിഴാല്‍ തുടങ്ങി കേട്ടതും കേള്‍ക്കാത്തതുമായ കാട്ടുമരങ്ങളും സസ്യങ്ങളും അടിക്കാടുകളും ഒക്കെക്കൊണ്ട് സമ്പന്നമാണ് പാമ്പാടുംചോല ദേശീയോദ്യാനം. മഡ് ഹൗസ്, ഡോര്‍മെറ്ററി ഉള്‍പ്പെടെയുള്ള താമസ സൗകര്യങ്ങളും ട്രക്കിംഗും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു.