പള്ളിവാസൽ വിപുലീകരണ പദ്ധതി ഉദ്ഘാടനം 28ന്
1539007
Wednesday, April 2, 2025 11:48 PM IST
തൊടുപുഴ: വൈദ്യുതി ബോർഡിന്റെ 60 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടനം 28നു നടന്നേക്കും. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗം 28നാണ് ജില്ലയിൽ ക്രമീകരിച്ചിട്ടുള്ളത്. അന്നു പള്ളിവാസൽ പദ്ധതിയുടെ ഉദ്ഘാടനവും നടക്കാനാണ് സാധ്യത. ഈ മാസം 15ന് ഉദ്ഘാടനം നടക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്.
18 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പള്ളിവാസൽ പദ്ധതി പൂർത്തീകരിക്കുന്നത്. ഇതുവരെ 52 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇവിടെ ഉത്പാദിപ്പിച്ചുകഴിഞ്ഞു. ടണൽ ഇൻടേക്കിൽ തുടർച്ചയായി മാലിന്യം അടിയുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതുമൂലം ഫുൾ ലോഡ് ചെയ്യാനുള്ള വെള്ളം പെൻസ്റ്റോക്കിലേക്ക് എത്തുന്നില്ല. ട്രാഷ് റാക്കിൽനിന്നു തൊഴിലാളിയെ നിയോഗിച്ച് തുടർച്ചയായി മാലിന്യം നീക്കം ചെയ്യുന്നുണ്ടെങ്കിലും ജനറേറ്ററുകൾ പൂർണ തോതിൽ ലോഡ് ചെയ്യാൻ കഴിയുന്നില്ല.
മഴക്കാലമായാൽ കൂടുതൽ മണലും ചെളിയും തടിക്കഷണങ്ങളും വരെ ഒഴുകിയെത്തും. ഇതു വലിയ പ്രതിസന്ധി സൃഷ്ടിക്കും. പുഴയിലൂടെ വൻതോതിൽ മാലിന്യം ഒഴുകിയെത്തുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വൈദ്യുതിബോർഡ് പഞ്ചായത്തിന് കത്ത് നൽകിയിട്ടുണ്ട്.
പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതു തടയാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയിട്ടുള്ളത്. അതേസമയം ജലവൈദ്യുതി പദ്ധതി വൈദഗ്ധ്യത്തിൽ രാജ്യത്തെതന്നെ പ്രമുഖനും സെൻട്രൽ ഇലക്ട്രിസിറ്റി അഥോറിറ്റി മുൻ അംഗവും ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസറുമായ എം.എ.കെ.പി. സിംഗ് കഴിഞ്ഞ ദിവസം ഇൻടേക്ക് അടക്കമുള്ള പദ്ധതി മേഖല സന്ദർശിച്ച് പരിശോധന നടത്തിയെങ്കിലും പ്രതിവിധി ഉണ്ടായിട്ടില്ല.
പുതിയ പെൻസ്റ്റോക്കുമായി ബന്ധിപ്പിച്ച് പഴയ പള്ളിവാസൽ പവർ ഹൗസിന്റെ ശേഷി കൂട്ടാനുള്ള പദ്ധതിയും ഇതോടെ പ്രതിസന്ധിയിലാകും. രണ്ടു പവർ ഹൗസുകളും പൂർണശേഷിയിൽ പ്രവർത്തിച്ചാൽ 97.5 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭ്യമാകേണ്ടതാണ്. 60 മെഗാവാട്ട് തന്നെ പ്രവർത്തിപ്പിക്കാൻ വെള്ളമെത്താത്ത സാഹചര്യത്തിൽ ഇന്റർ കണക്ഷൻ പദ്ധതിയും അനിശ്ചിതത്വത്തിലാകും. മൂന്നാർ ബ്ലോസം പാർക്കിന് സമീപം പുഴയിൽനിന്നു നേരിട്ട് വെള്ളം കടത്തിവിടുന്ന രീതിയിലാണ് ഇൻടേക് ഡിസൈൻ ചെയ്തിരിക്കുന്നത്.
500 മീറ്ററെങ്കിലും റിവേഴ്സ് ഫ്ളോ ഉണ്ടാകുന്ന രീതിയിൽ ഇൻടേക് ഡിസൈൻ ചെയ്തിരുന്നെങ്കിൽ ഈ പ്രശ്നമുണ്ടാകില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇൻടേക്കിന്റെ ചെരിവിലും പ്രശ്നമുണ്ട്. ഇൻടേക്ക് മാറ്റി സ്ഥാപിക്കണമെങ്കിൽ 50 കോടിക്ക് മുകളിൽ ചെലവിടേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
2010-ൽ തുടക്കംകുറിച്ച കുറ്റ്യാടി അഡീഷണൽ എക്സ്റ്റൻഷനു ശേഷം സംസ്ഥാനത്ത് കമ്മീഷനിംഗിനു തയാറായ ഏറ്റവും വലിയ പദ്ധതിയാണ് പള്ളിവാസൽ. ഒന്നാം നന്പർ ജനറേറ്റർ നവംബർ അഞ്ചിനും രണ്ടാം നന്പർ ജനറേറ്റർ നവംബർ 24നും 72 മണിക്കൂർ ടെസ്റ്റ് റണ് വിജയകരമായി പൂർത്തിയാക്കിയിരുന്നു. പീക്ക് ടൈം ആവശ്യം നിറവേറ്റാൻ വൈകുന്നേരം 5.30 മുതൽ രാത്രി 9.30 വരെ നിലവിൽ ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചുവരുന്നുണ്ട്.
2006 ഡിസംബർ 26ന് അന്നത്തെ വൈദ്യുതി മന്ത്രി എ.കെ. ബാലൻ നിർമാണോദ്ഘാടനം നിർവഹിച്ച പദ്ധതിയാണിത്. 268.01 കോടി രൂപ എസ്റ്റിമേറ്റിൽ തുടങ്ങിയ പദ്ധതിക്ക് ഇതുവരെ 600 കോടിയോളം ചെലവഴിച്ചു. പള്ളിവാസൽ വിപുലീകരണ പദ്ധതിയിലെ ഉത്പാദനച്ചെലവ് ആദ്യവർഷം യൂണിറ്റിന് 8.68 രൂപയും പിന്നീട് ഘട്ടംഘട്ടമായി കുറഞ്ഞ് ഇത് 78 പൈസയുമാകുമെന്നാണ് കെഎസ്ഇബി വിലയിരുത്തൽ.
കോടികളുടെ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന വെള്ളം, മൂന്നാറിലെ ആർഎ ഹെഡ്വർക്സ് ഡാം കവിഞ്ഞൊഴുകി പാഴാകുന്നത് ഉപയോഗപ്പെടുത്താനാണ് പള്ളിവാസൽ വിപുലീകരണ പദ്ധതി വിഭാവനം ചെയ്തത്.