സ്മിത ആശുപത്രിയിൽ ശ്വാസനാളത്തിലെ നേന്ത്രപ്പഴം നീക്കം ചെയ്തു
1538710
Tuesday, April 1, 2025 11:05 PM IST
തൊടുപുഴ: സ്മിത മെമോറിയൽ ആശുപത്രിയിൽ 78 വയസുകാരിയായ വയോധികയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ നേന്ത്രപ്പഴം നീക്കം ചെയ്തു. ഗുരുതര നിലയിലായിരുന്ന കോതമംഗലം സ്വദേശിനിയാണ് ആശുപത്രിയിലെ വിദഗ്ധ ചികിത്സ മൂലം ജീവിതത്തിലേക്കു തിരികേവന്നത്. പ്രാതൽ കഴിയ്ക്കുന്പോൾ പെട്ടന്നുണ്ടായ ചുമയും ശ്വാസതടസവും മൂലമാണ് ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ രോഗിയുടെ അവസ്ഥ ക്രമാതീതമായി മോശമാകുന്ന സാഹചര്യത്തിൽ മികച്ച ചികിത്സ ലഭിക്കുന്നതിനായി ഇവരെ സ്മിത ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ശ്വാസകോശരോഗ വിദഗ്ധൻ ഡോ. വിനായക് നന്ദനൻ നടത്തിയ വിശദ പരിശോധനയിൽ നേന്ത്രപഴം ശ്വാസനാളിയിൽ കുടുങ്ങിയതായി കണ്ടെത്തി. പിന്നീട് ബ്രോങ്കോസ്കോപ്പി ഗൈഡ്സ് വഴി നേന്ത്രപഴം വിജയകരമായി പുറത്തെടുക്കുകയും ചെയ്തു. ഇതോടെ രോഗിയുടെ ഓക്സിജൻ അളവ് കൂടിവരുകയും രോഗി ജീവിതത്തിലേക്കു തിരികെയെത്തുകയും ചെയ്തു.
പിന്നീട് പൂർണ ആരോഗ്യവതിയായി ആശുപത്രി വിട്ടു. ഡോ. വിനായക് നന്ദന്റെയും എമർജൻസി വിഭാഗത്തിന്റെയും കൂട്ടായ പ്രവർത്തനം വഴിയാണ് രോഗിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതെന്ന് ആശുപത്രി സിഇഒ ഡോ. രാജേഷ് നായർ പറഞ്ഞു.