പുതിയ അധ്യയനവർഷം: പുസ്തകവിതരണം തുടങ്ങി
1538714
Tuesday, April 1, 2025 11:05 PM IST
തൊടുപുഴ: അവധിക്കാലം ആരംഭിച്ചതോടെ വിദ്യാർഥികൾക്ക് അടുത്ത അധ്യയനവർഷത്തേക്കുള്ള പുതിയ പാഠപുസ്തകങ്ങൾ വിതരണം ചെയ്തു തുടങ്ങി. ഈ മാസം തന്നെ പരമാവധി പുസ്തക വിതരണം പൂർത്തിയാക്കാനുള്ള തയാറെടുപ്പിലാണ് വിദ്യാഭ്യാസ വകുപ്പ്. അധ്യാപകർക്കും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കും പുറമേ കുടുംബശ്രീ പ്രവർത്തകരും പാഠപുസ്തക വിതരണത്തിന്റെ ഭാഗമാകും.
ഒന്നുമുതൽ 10 വരെ ക്ലാസുകളിലേക്കുള്ള പുസ്തകവിതരണമാണ് നടന്നുവരുന്നത്. 2, 4, 6, 8,10 ക്ലാസുകളിലെ പുസ്തകങ്ങൾക്ക് ഇത്തവണ മാറ്റമുണ്ട്. കഴിഞ്ഞ തവണ 1, 3, 5, 7, 9 ക്ലാസുകളിലായിരുന്നു മാറ്റം. പുസ്തകങ്ങൾ കട്ടപ്പനയിലെ ഡിപ്പോയിലാണെത്തിക്കുന്നത്. പിന്നീട് തരംതിരിച്ച് ആവശ്യമനുസരിച്ച് സൊസൈറ്റികളിലെത്തിക്കും. ഇവിടെ നിന്നാണ് വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ച് സ്കൂളുകളിലേക്ക് വിതരണം ചെയ്യുന്നത്.
ഈ വർഷം ആകെ 10,15,814 പുസ്കങ്ങളാണ് ജില്ലയിൽ വേണ്ടത്. ഇതിൽ പകുതിയോളം കട്ടപ്പനയിലെ പുസ്തക ഡിപ്പോയിലെത്തിച്ചിട്ടുണ്ട്. ഇതിൽ 2,12,290 പുസ്തകം കഴിഞ്ഞ 28വരെ സൊസൈറ്റികളിലെത്തിച്ചു. മാർച്ച് ആദ്യവാരം തന്നെ സോർട്ടിംഗ് ആരംഭിച്ച് പകുതിയോടെ വിതരണം തുടങ്ങിയെന്ന് അധികൃതർ പറഞ്ഞു.
ജില്ലയിലെ 130 സൊസൈറ്റികളിലൂടെയാണ് വിതരണം. ഏപ്രിൽ ആദ്യവാരത്തോടെ ലഭ്യമായ മുഴുവൻ പുസ്കങ്ങളും സൊസൈറ്റികളിലെത്തും.
മുഴുവൻ പുസ്തകങ്ങൾക്കും ഇൻഡെൻഡ് കൊടുത്തിട്ടുണ്ട്. വൈകാതെ അവയെത്തും. ക്ലാസ് തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുന്പുതന്നെ വിതരണം പൂർത്തിയാക്കും. ഡിപ്പോയിൽനിന്ന് തരംതിരിച്ച് സൊസൈറ്റികളിലേക്ക് കയറ്റിവിടുന്നതു വരെയുള്ള ജോലികൾ കുടുംബശ്രീ പ്രവർത്തകരും ചേർന്നാണ് ചെയ്യുന്നത്.
ഒരു സൂപ്പർവൈസർ ഉൾപ്പെടെ 11 പേരാണ് കുടുംബശ്രീയിൽനിന്നു പുസ്തകവിതരണത്തിന്റെ ഭാഗമാകുന്നത്. രണ്ട് വാഹനങ്ങളിലായാണ് വിതരണം. ഹൈറേഞ്ചിന്റെ പ്രത്യേകത അനുസരിച്ച് ഗതാഗതത്തിന് താമസം വരുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞവർഷങ്ങളിൽ മൂന്നാർ, പീരുമേട്, ദേവികുളം താലൂക്കുകളിലെ തോട്ടം, ആദിവാസി മേഖലകളിലെ കുട്ടികൾക്ക് സ്കൂളുകളിൽനിന്ന് ജീവനക്കാർ നേരിട്ട് പുസ്തകമെത്തിച്ച് നൽകിയിരുന്നു. ഇത് ഇക്കുറിയും തുടർന്നേക്കും.
തമിഴ് ഉൾപ്പെടെയുള്ള ജില്ലയിലെ അന്യഭാഷ പഠിക്കുന്ന കുട്ടികൾക്കുള്ള പുസ്തകം എല്ലാ വർഷവും വൈകിയാണ് ലഭിക്കുന്നത്.
ഇത്തവണ ഈ കാലതാമസം ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. വിദ്യാർഥികൾക്കുള്ള യൂണിഫോം വിതരണത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.