മാരിയിൽ കലുങ്ക് പാലം ഇനി കര തൊടും; അപ്രോച്ച് റോഡ് നിർമാണം തുടങ്ങി
1538711
Tuesday, April 1, 2025 11:05 PM IST
തൊടുപുഴ: ഇരുകര തൊടാതെ നോക്കുകുത്തിയായി നിന്നിരുന്ന മാരിയിൽ കലുങ്ക് പാലത്തിന് ശാപമോക്ഷമാകുന്നു. കാഞ്ഞിരമറ്റം ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിർമാണം ആരംഭിച്ചതോടെയാണ് പാലത്തിലൂടെയുള്ള വാഹനഗതാഗതം വൈകാതെ ആരംഭിക്കാനുള്ള സാഹചര്യമൊരുങ്ങുന്നത്.
പാലത്തിന്റെ നിർമാണം പൂർത്തിയായി പത്തു വർഷം കഴിഞ്ഞെങ്കിലും അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാകാത്തതിനാൽ ജനങ്ങൾക്ക് ഇതു കൊണ്ട് യാതൊരു പ്രയോജനവുമുണ്ടായിരുന്നില്ല. അപ്രോച്ച് റോഡ് നിർമാണം വേഗത്തിൽ പൂർത്തിയാക്കി പാലം ഗതാഗതത്തിനു തുറന്നുകൊടുക്കുന്നതോടെ പ്രദേശവാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനു വിരാമമാകും.
പി.ജെ. ജോസഫ് എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നു 1.80 കോടി ഉപയോഗിച്ച് ഒളമറ്റം ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിർമാണം പൂർത്തിയാക്കിയിരുന്നു. ഇവിടെ സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയാണ് അപ്രോച്ച് റോഡ് യാഥാർഥ്യമാക്കിയത്. ഒരു കരയിൽ അപ്രോച്ച് റോഡിന്റെ നിർമാണം പൂർത്തിയായിട്ടും മറുകരയിലെ നിർമാണം എങ്ങുമെത്താത്തതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലായിരുന്നു. അപ്രോച്ച് റോഡ് നിർമാണത്തിനായുള്ള സ്ഥലമെടുപ്പ് പൂർത്തിയായി പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടും നിർമാണം നടത്താത്തതിനു പിന്നിൽ അധികൃതരുടെ അനാസ്ഥയാണെന്നായിരുന്നു ആക്ഷേപം.
ഏതാനും വർഷം മുന്പുതന്നെ ഇവിടെ അപ്രോച്ച് റോഡ് നിർമാണത്തിനായുള്ള സ്ഥലമെടുപ്പ് പൂർത്തിയായതാണ്. സ്വകാര്യ വ്യക്തികളുമായുള്ള തർക്കവും ജില്ലാ ഭരണകൂടം ഇടപെട്ട് പരിഹരിച്ചു. സ്ഥലമുടമകൾക്ക് നഷ്ടപരിഹാരവും നൽകി. ഇവിടെ അപ്രോച്ച് റോഡ് നിർമാണത്തിനായി 90 ലക്ഷവും വകയിരുത്തിയിരുന്നു. എങ്കിലും നിർമാണം അനിശ്ചിതമായി നീണ്ടുപോകുകയായിരുന്നു.
തൊടുപുഴയാറിനു കുറുകെ കാഞ്ഞിരമറ്റത്തെയും ഒളമറ്റത്തെയുംതമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന് 2013ൽ ആണ് തറക്കല്ലിട്ടത്. രണ്ടു വർഷം കൊണ്ട് 2015ൽ പാലം നിർമാണം പൂർത്തിയായി.
അപ്രോച്ച് റോഡ് പൂർത്തിയാകുന്നതോടെ ഇടുക്കി റോഡിൽ നിന്നു വരുന്ന വാഹന യാത്രക്കാർക്ക് ഇതുവഴി കാഞ്ഞിരമറ്റം, തെക്കുംഭാഗം, ഇടവെട്ടി, ആലക്കോട് തുടങ്ങിയ ഭാഗങ്ങളിലേക്ക് എളുപ്പം കടന്നു പോകാൻ സാധിക്കും. തൊടുപുഴ ഭാഗത്തുനിന്നുള്ള യാത്രക്കാർക്കും ഇത് ഏറെ ഗുണകരമാകും. ടൗണിലെ ഗതാഗതക്കുരുക്കിനും പരിഹാരം കാണാനാകും.
കാഞ്ഞിരമറ്റത്തുനിന്ന് മുതലിയാർമഠം പ്രദേശത്തുകൂടി കാരിക്കോട് എത്തിച്ചേരുന്ന പുതിയ ബൈപാസും ലക്ഷ്യമിടുന്നുണ്ട്. ഇതുകൂടി പൂർത്തിയായാൽ തൊടുപുഴ നഗരസഭയുടെയും സമീപ പഞ്ചായത്തുകളുടെയും വികസനത്തിന് ഗുണകരമാകും.