പൂമാല സ്കൂൾ പരിസരത്ത് സാമൂഹ്യവിരുദ്ധ അഴിഞ്ഞാട്ടം
1538707
Tuesday, April 1, 2025 11:05 PM IST
പൂമാല: ഗവ.ട്രൈബൽ സ്കൂൾ പരിസരത്ത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ട കേന്ദ്രമായി മാറുന്നതായി പരാതി. കഴിഞ്ഞ ദിവസം പ്രീ പ്രൈമറി കുട്ടികളുടെ വർണകൂടാരം, കളി ഉപകരണങ്ങൾ, ഷെൽഫ് എന്നിവ അടിച്ചുതകർത്തു. കുട്ടികൾ ഉപയോഗിക്കുന്ന ടോയ്ലറ്റ്, പൈപ്പുകൾ ഇവയും നശിപ്പിക്കുകയാണ്. സ്കൂൾ പരിസരത്തെ തൈകൾ, പൂച്ചെടികൾ, സയൻസ് പാർക്കിന്റെ ജനൽച്ചില്ലകൾ തുടങ്ങിയവും തകർത്ത നിലയിലാണ്. അധ്യാപകർക്ക് താമസിക്കാൻ നിർമിച്ച ക്വാർട്ടേഴ്സ് സാമൂഹ്യവിരുദ്ധൻമാരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.
സ്കൂളിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ച സിസിടിവി കാമറ സാമൂഹ്യവിരുദ്ധർ കൊണ്ടുപോയി. സ്കൂളിനു ചുറ്റുമതിൽ നിർമിക്കണമെന്ന് ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ട് നാളേറെയായെങ്കിലും ജില്ലാ പഞ്ചായത്തോ മറ്റ് അധികൃതരോ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. മറ്റ് പ്രദേശങ്ങളിൽ നിന്നുള്ളവർ പോലും ഈ ഗ്രൗണ്ടിൽ കളിക്കുന്നതിന് എത്തുന്നു.
എന്നാൽ ഇവരും ജെഴ്സി ഉൾപ്പടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ സഹിതം ഓഫീസിനു മുന്നിൽ വരെ ഉപേക്ഷിക്കുന്ന പ്രവണത വരെ ഉണ്ടായിട്ടുണ്ട്. പരാതിപ്പെട്ടാലും പോലീസിന്റെ ഭാഗത്തുനിന്നു നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
സാമൂഹ്യവിരുദ്ധ നടപടിയ്ക്കെതിരേ വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശേരിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. പിടിഎ പ്രസിഡന്റ് ജയ്സണ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ അഭിലാഷ് രാജൻ, സ്കൂൾപ്രിൻസിപ്പൽ ദീപ ജോസ്, ഹെഡ്മിസ്ട്രസ് രാജി പദ്മനാഭൻ, എസ്എംസി ചെയർമാൻ സുധാകരൻ എന്നിവർ പ്രസംഗിച്ചു.