ജില്ല സന്പൂർണ മാലിന്യമുക്ത ഹരിത പദവിയിലേക്ക്
1539010
Wednesday, April 2, 2025 11:48 PM IST
തൊടുപുഴ: ടൗണുകളെയും പൊതു ഇടങ്ങളെയും ടൂറിസം കേന്ദ്രങ്ങളെയും ജല സ്രോതസുകളെയും ഉൾപ്പെടെ പൂർണമായും മാലിന്യമുക്തമാക്കി ജില്ല സന്പൂർണ ഹരിത പദവിയിലേക്ക്. ഒക്ടോബർ രണ്ടു മുതൽ ആരംഭിച്ച കാന്പയിൻ മാർച്ച് 30ന് പൂർത്തിയാക്കി. ജില്ലയിലെ എല്ലാ പഞ്ചായത്തുകളെയും ബ്ലോക്ക് പഞ്ചായത്തുകളെയും സന്പൂർണ മാലിന്യമുക്തമായി ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. എട്ടിന് ചേരുന്ന വിപുലമായ ചടങ്ങിൽ ഇടുക്കി ഹരിത ജില്ലയായി പ്രഖ്യാപിക്കും.
ജില്ലയിലെ എല്ലാ സർക്കാർ, അർധസർക്കാർ, പൊതു-സ്വകാര്യ മേഖല സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, മാർക്കറ്റുകൾ, ടൗണുകൾ, ടൂറിസം കേന്ദ്രങ്ങൾ, അയൽക്കൂട്ടങ്ങൾ, പുഴകൾ എന്നിവയെല്ലാം മാലിന്യമുക്തമാക്കിയാണ് ജില്ലയെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നത്. ഇതിനായുള്ള പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ, ഓട്ടോ -ടാക്സി തൊഴിലാളികൾ എന്നിവരുടെയും സഹകരണത്തോടെയാണ് വിവിധ ഘട്ടങ്ങളിലായി നടത്തിയത്.
ശുചിത്വ പരിപാലനത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് പഞ്ചായത്തുകളിൽ ഹരിതസഭകളും സംഘടിപ്പിച്ചിരുന്നു.
ഹരിതകേരളം മിഷൻ നിഷ്കർഷിക്കുന്ന വിവിധ പ്രവർത്തനങ്ങളിലൂടെ 80 മാർക്കിനു മുകളിൽ നേടുന്ന പഞ്ചായത്തുകളാണ് ഹരിത പദവി നേടുന്നത്. ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ വരെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനം നടത്തി. പൊതുവെ മാലിന്യം കുറവുള്ള ഇടമലക്കുടിയിൽ ഹരിതകേരളം മിഷന്റെ പ്രത്യേക സംഘം സന്ദർശനം നടത്തിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
നൂറുകണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന മൂന്നാറിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് മാലിന്യ മുക്ത കാന്പയിൻ സംഘടിപ്പിച്ചത്.
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ 12 ദിവസം നീണ്ടുനിന്ന മെഗാ ശുചീകരണ പരിപാടിയാണ് ഇവിടെ നടത്തിയത്.
ജില്ല മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി ആറു മാസത്തിനിടയിൽ ഒട്ടേറെ കർമപദ്ധതികളാണ് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചതെന്ന് ജില്ലാ കോ-ഓർഡിനേറ്റർ ഡോ. അജയ് പി.കൃഷ്ണ പറഞ്ഞു.
പ്രഖ്യാപനം എട്ടിന്
ജില്ലയെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി സംഘാടക സമിതി യോഗം ചേർന്നു. എട്ടിന് ഉച്ച കഴിഞ്ഞ് രണ്ടിന് ചെറുതോണി ടൗണ്‍ ഹാളിൽ മന്ത്രി റോഷി അഗസ്റ്റിൻ മാലിന്യമുക്ത ജില്ല പ്രഖ്യാപനം നടത്തും. പരിപാടിയുടെ ഭാഗമായി ടൗണ്‍ ഹാളിൽ രാവിലെ ഒൻപതു മുതൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. എല്ലാ പഞ്ചായത്തുകളും നടപ്പാക്കാനായി മാലിന്യമുക്ത മാതൃകകളും അവതരിപ്പിക്കും. 1500ലധികം പേർ പങ്കെടുക്കും. പരിപാടിയുടെ സുഗമമായ നടത്തിപ്പിന് 55 അംഗ സംഘാടകസമിതിയെ തെരഞ്ഞെടുത്തിരുന്നു.
സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. അജയ് പി. കൃഷ്ണ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.ജി. സത്യൻ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഭാഗ്യരാജ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ട്രീസ ജോയി, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീലേഖ തുടങ്ങിയവർ പ്രസംഗിച്ചു.