മനംകവരും കുടിയേറ്റത്തിന്റെ ചരിത്രമായി ടൂറിസം വില്ലേജ്
1538706
Tuesday, April 1, 2025 11:05 PM IST
ഇടുക്കി: ആർച്ച് ഡാമിനു സമീപത്തായി നിർമിക്കുന്ന കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലിന്റെ ഉദ്യാനപദ്ധതിയോട് ചേർന്നുള്ള അഞ്ചേക്കറിലാണ് വില്ലേജ് നിർമിച്ചിരിക്കുന്നത്.
പത്ത് കോടിയുടെ പദ്ധതിക്ക് ടൂറിസം വകുപ്പ് 2019 ലാണ് അനുമതി നൽകിയത്. ആദ്യ ഘട്ടമായി അനുവദിച്ച മൂന്നു കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് പൂർത്തിയായത്. ഹൈറേഞ്ചിലെ ജനതയുടെ കുടിയേറ്റത്തിന്റെയും കുടിയിറക്കത്തിന്റെയും അതീജീവനത്തിന്റെയും നീണ്ട പോരാട്ടങ്ങളുടെ ചരിത്രത്തിന്റെ അനാവരണമാണ് കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്.
കുടിയേറ്റ കർഷകന്റെ രൂപമാണ് സ്മാരക വില്ലേജിന്റെ പ്രവേശന കവാടം. ഇവിടെനിന്നു കരിങ്കല്ല് പാകിയ നടപ്പാതയിലൂടെ മുകളിലേക്ക് നടന്നുകയറിയാൽ ആറിടങ്ങളിലായി വിവിധ ശില്പങ്ങളോടു കൂടിയ കാഴ്ചകൾ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. കോണ്ക്രീറ്റിലാണ് പ്രതിമകളും രൂപങ്ങളും നിർമിച്ചിരിക്കുന്നത്. എകെജിയും ഫാ. വടക്കനും ഗ്രാമങ്ങളും കാർഷികവൃത്തിയും ഉരുൾപൊട്ടലിന്റെ ഭീകരതയുമൊക്കെ ഇവിടെയുണ്ട്. ഏറ്റവും മുകളിലായി സ്മാരക മ്യൂസിയവും കോഫി ഷോപ്പുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
പാളത്തൊപ്പിയണിഞ്ഞ കർഷകന്റെ രൂപത്തിൽ നിർമിച്ചിരിക്കുന്ന കവാടത്തിൽ ശില്പത്തിന്റെ മധ്യഭാഗത്തിനുള്ളിലൂടെയാണ് അകത്തേക്കുള്ള പ്രവേശനം. അവിടുന്ന് കരിങ്കൽ പാതയിലൂടെ മുന്നോട്ട് നീങ്ങിയാൽ എകെജിയെയും ഫാ. വടക്കനെയും അവരെ ശ്രവിക്കുന്ന ജനങ്ങളെയും കാണാനാകും. കാട്ടാനകളെ കൃഷിയിടങ്ങളിൽനിന്നു തുരത്തുന്ന കാഴ്ചയും ഒരുക്കിയിട്ടുണ്ട്.
പഴയ കാല കൃഷിരീതികളും ഉരുൾ പൊട്ടലിന്റെ കരളലിയിക്കുന്ന ദൃശ്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ദുരിതങ്ങളെയും ദുരന്തങ്ങളെയും അതിജീവിച്ചു ജനങ്ങൾ ഇവിടെ ജീവിതം ആരംഭിച്ചതിന്റെ മാതൃകയാണ് അവസാനത്തെ സ്മാരകം. ശില്പങ്ങൾക്ക് മികച്ച ലൈറ്റ് സംവിധാനവും സജ്ജികരിച്ചിട്ടുണ്ട്. കൂടാതെ ഇരിപ്പിടങ്ങളും പാതയോരങ്ങളിൽ ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ഉദ്യാനവും, കുട്ടികൾക്കായി പാർക്കും ആരംഭിക്കും.