ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിനും നിയമ പഠനക്ലാസും
1538703
Tuesday, April 1, 2025 11:05 PM IST
ചെറുതോണി: അനുദിനം വർധിച്ചുവരുന്ന ലഹരി ഉപയോഗം, അക്രമ-അസാന്മാർഗിക പ്രവർത്തനങ്ങൾ എന്നിവയിൽനിന്ന് പുതുതലമുറയെ മോചിപ്പിച്ച് ലക്ഷ്യബോധവും മൂല്യങ്ങളും ഉള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ ഇൻസൈറ്റ് പ്രയർ മിഷൻ ഒരുക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിനും ഇന്ത്യൻ ശിക്ഷാനിയമ പഠനക്ലാസും ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചെറുതോണി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇൻസൈറ്റ് പ്രയർ മിഷൻ ചെയർമാൻ പാസ്റ്റർ ജോയി നെല്ലിക്കുന്നേൽ അധ്യക്ഷത വഹിക്കുന്ന കാമ്പയിൻ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് ഉദ്ഘാടനം ചെയ്യും. ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട് മുഖ്യ പ്രഭാഷണം നടത്തും. എസ്എൻഡിപി യോഗം ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ, ചെറുതോണി ജുമാ മസ്ജിദ് ചീഫ് ഇമാം ടി.എ. ഖാലിദ് ഉവൈസി എന്നിവർ പ്രസംഗിക്കും.
ലഹരി വിരുദ്ധ ബോധവത്കരണം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവയിൽ ഇടുക്കി പോലീസ് ഇൻസ്പെക്ടർ സന്തോഷ് സജീവ്, അഡ്വ. എം.എം. ലിസി എന്നിവർ ക്ലാസുകൾ നയിക്കും.
ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് മര്‍ദനം
അടിമാലി: തുറസായ സ്ഥലത്തിരുന്ന് രാത്രിയില്‍ ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റതായി പരാതി. അടിമാലി ബ്ലോക്ക് കമ്മിറ്റിയംഗം ഹാരിസ്, പ്രവര്‍ത്തകനായ രഞ്ചിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിനോദസഞ്ചാര കേന്ദ്രമായ കോട്ടപ്പാറ വ്യൂ പോയന്റിൽ രാത്രികാലത്ത് തുറസായ സ്ഥലത്ത് വാഹനത്തിന്റെ ബോണറ്റില്‍ വച്ച് ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തിനെത്തുടര്‍ന്ന് പ്രകോപിതരായ ലഹരിസംഘം ആക്രമണം നടത്തുകയായിരുന്നുവെന്ന് ചികിത്സയില്‍ കഴിയുന്ന ഹാരിസ് പറഞ്ഞു.
ഹാരിസിന്റെ കാലിന് ഒടിവ് സംഭവിച്ചു.രഞ്ചിത്തിന്റെ തലക്കാണ് പരിക്കുള്ളത്. തുടർന്നു സംഘം പ്രദേശത്തുനിന്നു രക്ഷപ്പെട്ടതായി ഹാരിസും രഞ്ചിത്തും പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് അടിമാലി ബ്ലോക്ക് സെക്രട്ടറി സി.എസ്. സുധീഷ് ആവശ്യപ്പെട്ടു.
നിരോധിത പുകയില
ഉത്പന്നം പിടികൂടി
നെടുങ്കണ്ടം: വിദ്യാര്‍ഥികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വില്‍പ്പന നടത്താനായി സൂക്ഷിച്ചിരുന്ന 1500 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എക്സൈസ് പിടികൂടി. നെടുങ്കണ്ടം കാക്കരവിളയില്‍ വിജയകുമാറിന്റെ കടയിലും ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍നിന്നുമായാണ് ഹാന്‍സ് കണ്ടെടുത്തത്. ഇയാള്‍ സ്കൂള്‍ കുട്ടികളടക്കം ഉള്ളവര്‍ക്ക് ഇവ വില്‍പ്പന നടത്തുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് കടയിലും വീട്ടിലും പരിശോധന നടത്തിയത്.
കമ്പത്തുനിന്നു എത്തിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ വന്‍ വിലയ്ക്കാണ് ചില്ലറ വില്‍പ്പന നടത്തിവന്നിരുന്നത്. ഏകദേശം 60,000 രൂപയുടെ നിരോധിത പുകയില ഉൽപ്പന്നമാണ് പിടിച്ചെടുത്തത്. ഇയാള്‍ക്കെതിരേ കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു.
എക്സൈസ് ഉടുമ്പന്‍ചോല സിഐ ജി. വിജയകുമാര്‍, എക്സൈസ് ഉദ്യോഗസ്ഥരായ പ്രകാശ്, അസീസ്, അരുണ്‍ ശശി, അരുണ്‍ മുരളീധരന്, രേഖ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.